ജോലി വാഗ്‌ദാനം നൽകി 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ

തിരുവനന്തപരുവും: ജോലി വാഗ്‌ദാനം നൽകി 15കാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം മണക്കാട് സ്വദേശി ഷാഹുൽ ഹമീദിനെയാണ് തിരുവനന്തപുരം ഫോർട്ട്‌ പൊലീസ് പിടികൂടിയത്. ഷാഹുലിനെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പ് ചുമത്തി.

കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജോലിതേടി മറ്റുചിലർക്കൊപ്പം തിരുവനന്തപുരത്ത് എത്തിയതായിരുന്നു മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരൻ. ഇതിനിടെ കണ്ടുമുട്ടിയ ഷാഹുൽ ഹമീദ് ജോലി നൽകാമെന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു മുറിയിൽ പാർപ്പിച്ച് രണ്ടുദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ശാരീരികാസ്വാസ്ഥ്യതകളോടെ പുറത്തുവന്ന കുട്ടിയെ ഒപ്പംവന്ന ഒരാൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിഷയം മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപെടുത്തി. മന്ത്രി ഇടപെട്ടാണ് പോലീസിനെ വിവരമറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ ഷാഹുൽ ഹമീദിനെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.