തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ചീഫ് സെക്രട്ടറി വി.വേണു മോട്ടർവാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിർദേശം നൽകി. അടിയന്തര നടപടികളുമായി മുന്നോട്ടുപോകണമെന്നു നിർദേശിച്ചെങ്കിലും പരിഹാരം ഇപ്പോഴും അകലെയാണ്. ഗതാഗത കമ്മിഷണർ ഇന്ന് അവധി കഴിഞ്ഞ് ഓഫിസിലെത്തും.
ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിൽ രണ്ട് വീതം ക്ലച്ചും ബ്രേക്കും ഉള്ള ഇരട്ട നിയന്ത്രണ സംവിധാനം പാടില്ലെന്ന ഗതാഗതവകുപ്പിന്റെ പുതിയ നിർദേശത്തിൽ ഉദ്യോഗസ്ഥരും എതിർപ്പറിയിച്ചു. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന മേഖലാ യോഗത്തിൽ, ഇൗ ഇരട്ട നിയന്ത്രണസംവിധാനം ഒഴിവാക്കുന്നത് അപകടത്തിനു കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ മന്ത്രി കെ.ബി.ഗണേഷ്കുമാർ മുന്നോട്ടുവച്ച പരിഷ്കാരത്തിൽ ഡ്രൈവിങ് സ്കൂൾ യൂണിയനുകൾക്കു പുറമേ ഉദ്യോഗസ്ഥരും എതിർപ്പുമായി രംഗത്തെത്തുന്ന സ്ഥിതിയായി.
വാഹനം ആദ്യമായി ഓടിക്കുന്നയാൾക്ക് ഇരട്ട നിയന്ത്രണ സംവിധാനമില്ലാത്ത വാഹനം നൽകിയാൽ എന്തു സംഭവിക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ മിനിറ്റ്സിൽ ഉൾപ്പെടുത്തിയെന്നാണ് വിവരം. ഇത്തരത്തിൽ അപകടമുണ്ടായാൽ ഇൻഷുറൻസ് കവറേജും കമ്പനികൾ നൽകില്ല. ഇന്നലെ ടെസ്റ്റില്ലാത്ത ദിവസമായിരുന്നതിനാൽ പ്രതിഷേധമുണ്ടായില്ല. 23ന് സിഐടിയു നേതാക്കളുമായി മന്ത്രി ചർച്ച നടത്തും.