കായംകുളം: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി വിഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തുകയും വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കൊല്ലം വൈ നഗറിൽ ബദരിയ മൻസിലിൽ താമസിക്കുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
സ്കൂളുകളിലെ അധ്യാപകരുടെ നമ്പർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്ന് പറഞ്ഞ് ബ്രോഷർ അയച്ചു നൽകും. ഇതിനുശേഷം അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന വ്യാജേന അധ്യാപകരെ കബളിപ്പിച്ച് അവരിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കരസ്ഥമാക്കും. പിന്നീട് പെൺകുട്ടികളുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടെങ്കിൽ അവസരം നൽകാമെന്ന് പറഞ്ഞ് വീഡിയോ കോളിൽ വിളിക്കുകയും ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
ഇത് അഭിനയിച്ചു കാണിക്കുമ്പോൾ നന്നായിട്ടുണ്ട് എന്നും അടുത്തതായി വേഷം മാറുന്ന രംഗം അഭിനയിക്കാൻ ആവശ്യപ്പെടും. ഇത്തരം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും തുടർന്നു വിവരങ്ങളൊന്നുമില്ലാതാകുന്നതോടെ തട്ടിപ്പ് മനസ്സിലാക്കി പ്രതികരിക്കുന്നവരോട് ‘പുറത്തു പറഞ്ഞാൽ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.