സാവോ പോളോ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഒരാഴ്ചയിലേറെ നീണ്ട റെക്കോഡ് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 100 പേർ മരിച്ചു. ഒരു ലക്ഷത്തിലേറെ വീടുകൾ തകരുകയോ സാരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി പ്രാദേശിക അധികാരികൾ അറിയിച്ചു.
നദികൾ കവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കം ഏകദേശം 1.45 ദശലക്ഷം ആളുകളെ ബാധിച്ചെന്ന് നാഷണൽ കോൺഫെഡറേഷൻ ഓഫ് മുനിസിപ്പാലിറ്റി അറിയിച്ചു. രണ്ടു ലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അർജന്‍റീന, ഉറുഗ്വേ അതിർത്തിയിലുള്ള കാർഷിക, കന്നുകാലി ഉൽപ്പാദകർ ഏറെയുള്ള സംസ്ഥാനമാണിത്. സംസ്ഥാനത്തെ 497ൽ 414 എണ്ണവും ദുരിതം ബാധിച്ചിട്ടുണ്ട്. ഇവിടെയെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.