ദുബായ് : പൈലറ്റുമാർ കൂട്ടത്തോടെ അവധിയെടുത്തതോടെ യു.എ.ഇ.യിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ 11 വിമാനങ്ങൾ റദ്ദാക്കി. ദുബായിൽനിന്നുള്ള ആറ് വിമാനങ്ങളും അബുദാബിയിൽനിന്നുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ളതായിരുന്നു റദ്ദാക്കപ്പെട്ട മറ്റു വിമാനങ്ങൾ. നൂറുകണക്കിനാളുകളുടെ നാട്ടിലേക്കുള്ള യാത്രയാണ് ഇതോടെ തടസ്സപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി യു.എ.ഇ.യിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് മുടങ്ങിയത്. തിരുവനന്തപുരം, കണ്ണൂർ, കൊച്ചി, കോഴിക്കോട്, അമൃത്‌സർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇവ.
ചുരുക്കം ചിലർക്കുമാത്രമാണ് സർവീസ് റദ്ദാക്കിയ വിവരം നേരത്തേ ലഭിച്ചത്. മറ്റുള്ളവർ വിമാനത്താവളങ്ങളിലെത്തിയശേഷം മടങ്ങുകയായിരുന്നു. ചില യാത്രക്കാർക്ക് മറ്റു വിമാനങ്ങളിൽ യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചതായി ഷാർജയിലെ ട്രാവൽ ഏജൻസികൾ പറഞ്ഞു. ടിക്കറ്റിന്റെ പണം തിരിച്ചുകിട്ടാനുള്ള ഓൺലൈൻ ലിങ്ക് യാത്രക്കാർക്ക് വിമാനക്കന്പനി അയയ്ക്കുന്നുണ്ടെന്നും ഏജൻസികൾ പറയുന്നു. യു.എ.ഇ.യിൽനിന്ന് വ്യാഴാഴ്ച കേരളത്തിലേക്കു പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരും ഇപ്പോൾ ആശങ്കയിലാണ്.
ഗൾഫിൽനിന്ന് വിമാനങ്ങൾ എത്താത്തതിനാൽ ഇന്ത്യയിൽനിന്ന് തിരിച്ചുള്ള യാത്രയും തടസ്സപ്പെട്ടു. വിസാ കാലാവധി അവസാനിക്കുന്നവരുൾപ്പെടെ ഒട്ടേറെപ്പേരുടെ യാത്രയാണ് ഇതോടെ മുടങ്ങിയത്.