അബുദാബി : ഗതാഗതനിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിച്ച ഡ്രൈവർമാർക്ക് അഡ്‌നോക് പെട്രോൾ കാർഡുകൾ സമ്മാനമായി നൽകി. അറബ് ഗതാഗതവാരത്തോടനുബന്ധിച്ചുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് സംരംഭം. ആളുകളുടെ സുരക്ഷയ്ക്ക് ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് പറഞ്ഞു.
നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംരംഭങ്ങൾ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. റോഡുകളിലെ നല്ല പെരുമാറ്റം ഗതാഗതസുരക്ഷ വർധിപ്പിക്കുമെന്ന സന്ദേശമാണ് അധികൃതർ നൽകുന്നത്.
അതേസമയം, പൈലറ്റുമാർ കൂട്ടത്തോടെ അവധിയെടുത്തതോടെ യു.എ.ഇ.യിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ 11 വിമാനങ്ങൾ റദ്ദാക്കി. ദുബായിൽനിന്നുള്ള ആറ് വിമാനങ്ങളും അബുദാബിയിൽനിന്നുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ളതായിരുന്നു റദ്ദാക്കപ്പെട്ട മറ്റു വിമാനങ്ങൾ. നൂറുകണക്കിനാളുകളുടെ നാട്ടിലേക്കുള്ള യാത്രയാണ് ഇതോടെ തടസ്സപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി യു.എ.ഇ.യിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് മുടങ്ങിയത്. തിരുവനന്തപുരം, കണ്ണൂർ, കൊച്ചി, കോഴിക്കോട്, അമൃത്‌സർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇവ.