സ്കിൻ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത് പല ഘടകങ്ങളായിരിക്കും. ഇതില്‍ നമ്മള് കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന ഘടകമാണ്. വലിയൊരളവ് വരെ ചര്‍മ്മത്തെ പരിപാലിക്കാനും, കേടുപാടുകള്‍ കൂടാതെ കൊണ്ടുനടക്കാനും ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ സാധിക്കും.
ഇത്തരത്തില്‍ സ്കിൻ തിളക്കമുള്ളതാക്കാൻ പതിവായി കഴിക്കാവുന്നൊരു ജ്യൂസാണ് ക്യാരറ്റും മല്ലിയിലയും ചേർത്തുണ്ടാക്കുന്നത്.
ക്യാരറ്റ്-മല്ലിയില ജ്യൂസ്
ഗ്രേറ്റ് ചെയ്ത് ക്യാരറ്റും അല്പം മല്ലിയിലയും (രുചിക്ക് അനുസരിച്ച് ചേര്‍ക്കാം) ഒരു ചെറിയ കഷ്ണം ഇഞ്ചിയും ഒരുമിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. വെള്ളമോ ഐസോ ചേര്‍ക്കാത്തതിനാല്‍ തന്നെ നല്ലതുപോലെ കട്ടിയായിരിക്കും ഈ ജ്യൂസ്. ഇതിലേക്ക് പിന്നീട് വെള്ളമോ ഐസോ ചേര്‍ത്ത് അല്പമൊന്ന് നേര്പ്പിച്ചെടത്ത ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അരിച്ചെടുത്ത് ഇതിന്റെ നീര് മാത്രമായി കഴിക്കാം. ഇതിലേക്ക് നുള്ള് ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ കൂടി ചേര്‍ക്കുന്നത് രുചി കൂട്ടും.
ഗുണങ്ങള്‍
ജ്യൂസുകള്‍ കഴിക്കുമ്പോള്‍ അധികം ഷുഗര്‍ നമ്മുടെ ശരീരത്തിലെത്താൻ സാധ്യതയുണ്ട്. ഇക്കാരണം കൊണ്ടാണ് കഴിവതും പഴങ്ങളും പച്ചക്കറികളും അങ്ങനെ തന്നെ കഴിക്കാൻ നിര്‍ദേശിക്കുന്നത്. ഏതായാലും ക്യാരറ്റ്- പുതിനയില ജ്യൂസില്‍ മധുരമില്ല. ആ രീതിയില്‍ ശരീരത്തിന് ഇത് വെല്ലുവിളിയും ആകുന്നില്ല.
ക്യാരറ്റ് വൈറ്റമിൻ -സിയുടെ നല്ലൊരു ഉറവിടമാണ്. ഈ വൈറ്റമിൻ സി, ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന കൊളാജെന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. മല്ലിയിലയും ചര്‍മ്മത്തിന് ഏറെ പ്രയോജനപ്രദം തന്നെ.
ക്യാരറ്റിലുള്ള ബീറ്റ കെരാട്ടിൻ സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തിനേറ്റിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കുന്നതിന് നമ്മെ ഒരുപാട് സഹായിക്കുന്നു. ഇതിലുള്ള ആന്റി-ഓക്സിഡന്റ്സും ചര്‍മ്മത്തിനേറ്റിട്ടുള്ള കേടുപാടുകള്‍ തീര്‍ക്കുന്നു.
പ്രായം തോന്നിക്കാനുള്ള ഏറ്റവും വലിയൊരു കാരണം ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നതും ചുളിവുകളും പാടുകളുമെല്ലാം വീഴുന്നതുമാണ്. ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിച്ച് സ്കിൻ ചെറുപ്പമായി തോന്നിക്കാനും ക്യാരറ്റിന് വലിയ കഴിവുണ്ട്. ഇതിനും ക്യാരറ്റിലുള്ള വൈറ്റമിൻ-സി തന്നെയാണ് പ്രധാനമായും സഹായിക്കുന്നത്. ഇതിന് പുറമെ വൈറ്റമിൻ -എയും.
മുഖക്കുരു ഉണ്ടാകാതിരിക്കാനും ക്യാരറ്റ് സഹായിക്കാം. ക്യാരറ്റും മല്ലിയിലയും കൂടിയാകുമ്പോള്‍ ഇവ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് വലിയ രീതിയില്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മുഖക്കുരു ഉണ്ടാകുന്നത് തടയാനും ഇതിന് കഴിയുന്നു.