റിയാദിൽ പ്രവാസി മലയാളി വാഹനമിടിച്ച് മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മലപ്പുറം സ്വദേശി നിര്യാതനായി

റിയാദ് : സൗദിയിലെ ത്വാഇഫിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽബാഹ മന്ദക് നസ്ബയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മലപ്പുറം സ്വദേശി നിര്യാതനായി. യൂണിവേഴ്‌സിറ്റിക്കടുത്ത് ചെട്ടിയാർമാട് പറമ്പിൽ അബ്ദുൽ റഷീദ് (43) ആണ് ചൊവ്വാഴ്ചയുണ്ടായ റോഡപടകത്തിൽ മരിച്ചത്. അൽബാഹയിലെ മന്ദക് നസ്ബയിൽ വർഷങ്ങളായി മിനി മാർക്കറ്റ് നടത്തിവരുകയായിരുന്നു ഇദ്ദേഹം.

നമസ്കാര സമയമായപ്പോൾ കടയടച്ച് പള്ളിയിലേക്ക് പോകാൻ വേണ്ടി റോഡ് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്. ചെട്ടിയാർമാട് പറമ്പിൽ അസൈനാർ ആണ് റഷീദിന്റെ പിതാവ്. മാതാവ്: ആയിഷ ബീവി, ഭാര്യ: റസീന, മക്കൾ: മുഹമ്മദ് സിനാൻ, ഷിയാൻ, ആല ഫാത്തിമ, സഹാൻ ഹയിം, സഹോദരങ്ങൾ: അൻസാർ, ബുഷ്‌റ.

ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരിച്ചു. പരേതരായ ചെല്ലപ്പൻ, നെസമ്മ ദമ്പതികളുടെ മകൻ ചെല്ലപ്പൻ സുരേഷ് (44) ആണ് റിയാദ് സുമേഷി ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉടൻ തന്നെ ആംബുലൻസിൽ സുമേഷി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 വർഷമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. റിയാദിലെ ബത്ഹയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഭാര്യ: സുനിത. സുബിത, സുബി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ നേതൃത്വം നൽകുന്നു.