തിരുവനന്തപുരം : രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഏരിയ കമ്മിറ്റി അംഗമായിരുന്ന ടി. രവീന്ദ്രൻ നായരെയാണ് തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ടിലാണ് തിരിമറി നടത്തിയത്. ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് രവീന്ദ്രൻ വകമാറ്റിയതായി പാർട്ടി കണ്ടെത്തിയിരുന്നു.
രക്തസാക്ഷി ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് രവീന്ദ്രൻ വകമാറ്റിയതായി പാർട്ടി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഇയാളെ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത് പ്രാഥമിക അംഗത്വം മാത്രം നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
രവീന്ദ്രന്റെ പേരിലുള്ള അക്കൗണ്ടിലേക്കായിരുന്നു ഫണ്ട് സമാഹരിച്ചത്. ഇതിൽ 11 ലക്ഷം രൂപയോളം മാത്രമാണ് കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. ബാക്കിയുള്ള തുക ഇയാൾ വകമാറ്റിയെന്നാണ് ലോക്കൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്.