നാലുമണി പലഹാരങ്ങളില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്; മലബാറിന്റെ സ്വന്തം ഏലാഞ്ചി ആയാലോ ഇന്ന്?

നാലുമണി പലഹാരങ്ങളില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പലഹാര വൈവിധ്യങ്ങളില്‍ മലബാറിനെ വെല്ലാൻ മറ്റേതു സ്ഥലത്തിനും കഴിയില്ല. എളുപ്പത്തില്‍, വെറും പത്ത് മിനിട്ട് കൊണ്ട് തയ്യറാക്കാവുന്ന ഒരു പലഹാരാമായാലോ ഇന്ന്? മലബാറിന്റെ സ്വന്തം ഏലാഞ്ചി തയ്യറാക്കാം.

ആവശ്യമായ ചേരുവകള്‍

  • മൈദ- രണ്ട് കപ്പ്
  • തേങ്ങ ചിരകിയത്- ഒരു കപ്പ്
  • മുട്ട – ഒരെണ്ണം
  • അണ്ടിപ്പരിപ്പ്, മുന്തിരി- ആവശ്യത്തിന്
  • പഞ്ചസാര- നാല് ടേബിള്‍സ്പൂണ്‍
  • നെയ്യ്- രണ്ട് ടീസ്പൂണ്‍
  • ഏലയ്ക്കാപ്പൊടി
  • മഞ്ഞള്‍പ്പൊടി

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മൈദയും ഉപ്പും മഞ്ഞള്‍പ്പൊടിയും എടുക്കുക അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നല്ലവണ്ണം മിക്‌സ് ചെയ്യുക. ഇനി വെള്ളം ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ മൈദ കലക്കിയെടുക്കുക. ഇത് മാറ്റിവെക്കുക. ഇനി ഒരു പാത്രം അടുപ്പത്ത് വെച്ച് നെയ്യ് ഒഴിച്ച് ചൂടാക്കുക. നെയ്യിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് വറുത്ത് കോരുക. അതേ നെയ്യിലേക്ക് തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഒന്ന് ചൂടാക്കിയെടുക്കുക. തീ ഓഫ് ചെയ്ത് തേങ്ങ മിശ്രിതത്തിലേക്ക് വറുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് ഇളക്കുക.

ഇനി ദോശത്തട്ട് അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ മൈദമാവ് ഒഴിച്ച് നൈസായി പരത്തിയെടുക്കുക. ഇത് വളരെ പെട്ടെന്ന് വെന്തുവരും. ഈ മഞ്ഞ മൈദദോശ ഒരു പാത്രത്തിലേക്ക് മാറ്റി അതിന്റെ നടുവിലായി നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ മിശ്രിതം ചേര്‍ക്കുക. ഇനി ഈ ദോശ റോള്‍ ചെയ്ത് അരികുകള്‍ മടക്കിവെക്കുക. ഏലാഞ്ചി റെഡി. വേണമെങ്കില്‍ തേങ്ങ-പഞ്ചസാര മിശ്രിതത്തിനൊപ്പം പഴം പുഴുങ്ങിയത് നുറുക്കിച്ചേര്‍ക്കാം.