വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് രാജ്യത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടുന്നു. തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തിലേക്കുള്ള ശേഷിക്കുന്ന ക്രെയിനുകളുമായി ഷെന്‍ഹുവ 34 ഈ മാസം 15ന് എത്തുന്നതോടെയാണ് സുപ്രധാന ചുവടുവെയ്പ്പിന് വിഴിഞ്ഞം ഒരുങ്ങുന്നത്. മൂന്ന് കാന്റിലിവര്‍ ക്രെയിനും രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമായാണ് ഷെന്‍ഹുവ 34 എത്തി അവ സ്ഥാപിച്ചു കഴിഞ്ഞാല്‍ ആദ്യഘട്ടത്തിന്‍രെ ട്രെയില്‍ റണ്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കാം.
24 യാര്‍ഡ് ക്രെയിനുകളും, എട്ട് (എസ്.ടി.എസ്)ഷിപ് ടു ഷോര്‍ ക്രെയിനുകളും ഉള്‍പ്പെടെ ആകെ 32 ക്രെയിനുകളാണ് തുറമുഖത്തിന്‍രെ ആദ്യ ഘട്ടത്തിനു വേണ്ടത്. ആറ് കപ്പലുകളിലായി 27 ക്രെയിനുകള്‍ ഇതുവരെ വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. ഷെന്‍ഹുവ 34ല്‍ എത്തുന്ന അവശേഷിക്കുന്ന ക്രെയിനുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തുറുമുഖ ബെര്‍ത്തില്‍ ഇറക്കി അടുത്തമാസം ആദ്യവാരത്തോടെ ട്രെയില്‍ റണ്‍ ആരംഭിക്കും. ബാര്‍ജുകളില്‍ കൊണ്ടുവരുന്ന കണ്ടയിനറുകള്‍ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ ട്രെയില്‍ റണ്‍ നടത്തുന്നത്. പിന്നീട് കപ്പലുകളിലും കണ്ടയിനര്‍ എത്തിച്ച് ട്രെയില്‍ റണ്‍ നടത്തി ഓണത്തിനു മുന്‍പ് തുറമുഖം പ്രവര്‍ത്തന സജ്ജമാക്കാനാണ് നടത്തിപ്പു കമ്പനിയായ അദാനി പോര്‍ട്‌സിന്റെ തീരുമാനം.
തുറമുഖത്തിന്റെ അനുബന്ധ വികസനത്തില്‍ ഉള്‍പ്പെട്ട ദേശീയ പാതയുമായി ബന്ധിപ്പക്കുന്ന നാലുവരി റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും ട്രംപറ്റ് ജംക്ഷന്റെ നിര്‍മ്മണത്തിനു ഒന്നര വര്‍ഷംക്കൂടി വേണ്ടി വരും. സ്ഥലം ഏറ്റെടുത്ത നിര്‍മ്മാണം തുടങ്ങാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയതയി വിസില്‍ കമ്പനി അറിയിച്ചിരുന്നു. ഇതു കാരണം തുറുമുഖം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ദേശീയ പാതിയിലേക്കുളള പ്രവേശനത്തിനായി കണ്ടയിനര്‍ ലോറികള്‍ ഉള്‍പ്പടെ ചുറ്റിക്കറങ്ങി പോകേണ്ട അവസ്ഥ വരും. ഇതു വിഴിഞ്ഞം പൂവാര്‍ റൂട്ടില്‍ ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ടായതിനാല്‍ ലോറി വഴിയുള്ള ചരക്കുനീക്കം ആദ്യ ഘട്ടത്തില്‍ വേണ്ടിവരില്ലെന്ന് വിസില്‍ അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും എത്രത്തോളം ശരിയാകുമെന്ന് വ്യക്തമല്ല.
തുറമുഖത്തിലെ പി.ഒ.ബി എന്ന പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിങ്, കസ്റ്റംസ് ബില്‍ഡിങ്, സെക്യൂരിറ്റി ഓഫീസ് ഉള്‍പ്പടെ എട്ട് കെട്ടിടങ്ങള്‍, 220 കെ വിയുടെയും 33 കെ വിയുടെയും രണ്ട് സബ് സ്റ്റേഷനുകള്‍ എന്നിവയും പൂര്‍ത്തിയായിട്ടുണ്ട്. പൈലറ്റ് കം സര്‍വേ വെസല്‍, മൂറിങ് ലോഞ്ചസ്, നാവിഗേഷനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഉടന്‍ തുറമുഖത്തേക്ക് എത്തിക്കുമെന്നാണ് പോര്‍ട്ട് സിഇഒ പ്രദീപ് വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഏത് വലിയ കപ്പലിനും പോര്‍ട്ടില്‍ അടുക്കാനാകും. 800 മീറ്റര്‍ ബെര്‍ത്ത് വിഴിഞ്ഞം തുറമുഖത്തുണ്ടാകും. നിലവില്‍ ലോകത്തുള്ള മദര്‍ വെസ്സലുകളില്‍ പാതിയിലേറെയും 10,000 ടി.ഇ.യുവിലധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നവയാണ്. ഇതോടെ കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നിവയോട് നേരിട്ട് ഏറ്റുമുട്ടാന്‍ വിഴിഞ്ഞത്തിന് കഴിയും.
നിലവില്‍ ഇന്ത്യയുടെ മൊത്തം ചരക്കുനീക്കത്തിന്റെ 70 ശതമാനവും കടല്‍ വഴിയാണ്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരക്കുനീക്കത്തിന്റെ 75 ശതമാനം വരെ ഇവിടെ കൈകാര്യം ചെയ്യാനാകും. ആദ്യഘട്ട നിര്‍മ്മാണച്ചെലവ് 7,700 കോടി രൂപയാണ്. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 650 പേര്‍ക്ക് നേരിട്ടും 5,000 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും.
രാജ്യത്തെ ഏറ്റവും വലിയ തുറമുഖ നടത്തിപ്പ് കമ്പനിയായ അദാനി പോര്‍ട്‌സ് ആണ് വിഴിഞ്ഞം തുറമുഖം ഓപ്പറേറ്റു ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്തം കാര്‍ഗോയുടെ 27 ശതമാനവും കണ്ടെയ്നര്‍ ചരക്കിന്റെ 44 ശതമാനവും കൈകാര്യം ചെയ്തത് അദാനി പോര്‍ട്ട്സ് ആണ്. ഏകദേശം 7,500 കിലോമീറ്റര്‍ തീരമേഖല, സ്വകാര്യമേഖലയിലെ ഒന്ന് ഉള്‍പ്പെടെ 13 മേജര്‍ തുറമുഖങ്ങള്‍, 180 ഓളം മൈനര്‍ തുറമുഖങ്ങള്‍, അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ നിര്‍ണായക സാന്നിദ്ധ്യം ഇങ്ങനെ നിരവധി പ്രത്യേകതകളാണ് രാജ്യത്തിനുള്ളത്. ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര ചരക്കുനീക്കം പോലും ഇപ്പോഴും നടക്കുന്നത് ശ്രീലങ്കയിലെ കൊളംബോ, സിംഗപ്പൂര്‍, ദുബൈയിലെ ജെബല്‍ അലി എന്നിവയെ ആശ്രയിച്ചാണ്.