കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ശക്തിയേറിയ ടാബ് ലെറ്റുകള്‍ എന്ന നിലയിലാണ് ആപ്പിള്‍ ഐപാഡ് ‘എയര്‍’ എന്ന പേരില്‍ ടാബ് ലെറ്റ് ശ്രേണി അവതരിപ്പിച്ചത്. മാക്ബുക്ക് എയര്‍ എന്ന മോഡലിനൊപ്പമാണ് ‘എയര്‍’ എന്ന വിളിപ്പേര് ഉപകരണങ്ങള്‍ക്കിടാന്‍ ആപ്പിള്‍ തുടങ്ങിയത്. ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ ലാപ്‌ടോപ്പ് എന്ന നിലയിലാണ് മാക്ബുക്ക് എയറിന് അന്ന് കമ്പനി പ്രചാരം നല്‍കിയത്. എയര്‍ എന്ന പേര് ഐപാഡിന് നല്‍കിയതും ഇതേ കാരണങ്ങളാല്‍ തന്നെ.
എന്നാല്‍ മേയ് ഏഴിന് ആപ്പിള്‍ അവതരിപ്പിച്ച ഐപാഡ് എയര്‍ മോഡലുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആ പേര് വലിയൊരു ബാധ്യതയായിരിക്കുകയാണ്. കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഉല്പന്നത്തിന് ഇടേണ്ട പേര് എന്തിനാണ് ഇവയ്ക്ക നല്‍കിയത്.
യഥാര്‍ത്ഥത്തില്‍ ഐപാഡ് പ്രോയേക്കാള്‍ ഭാരവും കനവും കൂടുതലാണ് ഐപാഡ് എയറിന്. ഇത്തവണ ഐപാഡ് പ്രോ അവതരിപ്പിച്ചത് തന്നെ ആപ്പിള്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും കനം കുറഞ്ഞ ഉപകരണം എന്ന നിലയിലാണ്. എങ്കില്‍ പിന്നെ എന്തിനാണ് പുതിയ ഐ പാഡുകളുടെ പേരില്‍ ഈ വേര്‍തിരിവ്? ഇക്കാര്യത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
13 ഇഞ്ച്, 11 ഇഞ്ച് ഐപാഡ് മോഡലുകളാണ് ഇത്തവണ ആപ്പിള്‍ അവതരിപ്പിച്ചത്. ഇതില്‍ ഐപാഡ് പ്രോയുടെ 13 ഇഞ്ച് പതിപ്പിന് കനം 5.3 മില്ലീമീറ്ററാണ്, 11 ഇഞ്ച് പതിപ്പിന് 5.1 ആണ് കനം. ഭാരം യഥാക്രമം 582 ഗ്രാമും, 446 ഗ്രാമുമാണ്. അതേസമയം ഐപാഡ് എയറിന്റെ 13 ഇഞ്ച് പതിപ്പിനും 11 ഇഞ്ച് പതിപ്പിനും 6.1 ഇഞ്ച് കനമുണ്ട് ഇവയുടെ ഭാരം യഥാക്രമം 618 ഗ്രാമും, 462 ഗ്രാമുമാണ്. അങ്ങനെയെങ്കില്‍ ഭാരവും കനവും കുറഞ്ഞ പതിപ്പിന് നല്‍കുന്ന ‘എയര്‍’ എന്ന വിളിപ്പേര് യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടിയിരുന്നത് ഐപാഡ് പ്രോ വേര്‍ഷനായിരുന്നു.
ഒഎല്‍ഇഡി പാനലും പുതിയ എം4 ചിപ്പും ഉള്‍പ്പെടുത്തിയാണ് ഐപാഡ് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. പ്രോ വേരിയന്റിന് സില്‍വര്‍, സ്‌പേസ് ബ്ലാക്ക്, എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകള്‍ ആണുള്ളത്. എയറിന് നീല, പര്‍പ്പിള്‍, സ്റ്റാര്‍ലൈറ്റ്, സ്‌പേസ് ഗ്രേ എന്നീ നാല് നിറങ്ങളുണ്ട്.