ചപ്പാത്തിക്കൊപ്പം കഴിക്കാൻ ഒരടിപൊളി കുക്കർ പൊട്ടറ്റോ ഗ്രേവി

ചപ്പാത്തി തയ്യറാക്കുമ്പോൾ അതിനൊപ്പം കഴിക്കാൻ പറ്റിയ ഒരു കറി തന്നെയാണ് ഏറ്റവും വലിയ തലവേദന. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു കറിയുടെ റെസിപ്പി നോക്കിയാലോ?കുക്കര്‍ പൊട്ടറ്റോ കറി തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

  • ഉരുളക്കിഴങ്ങ് – 4 (തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്)
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • മല്ലി പൊടി – 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
  • ജീരകപ്പൊടി – 1/4 ടീസ്പൂണ്‍
  • ഗരം മസാല – 1/2 ടീസ്പൂണ്‍
  • പുളിയില്ലാത്ത തൈര് – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

ഗ്രേവിക്ക് ആവശ്യമായവ

  • എണ്ണ – 3 ടേബിള്‍സ്പൂണ്‍
  • ഗ്രാമ്പൂ – 3
  • ബിരിയാണി ഇല – 1
  • ജീരകം – 1/2 ടീസ്പൂണ്‍
  • ഉള്ളി – 2 (ചെറുതായി അരിഞ്ഞത്)
  • കറിവേപ്പില – 1 കുല
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 1/2 ടീസ്പൂണ്‍
  • തക്കാളി – 2 (അരിഞ്ഞത്)
  • വെള്ളം – ഗ്രേവിക്ക് ആവശ്യമായ അളവ്
  • കസൂരി മേത്തി – അല്പം
  • മല്ലി – അല്പം

തയ്യറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങു കഷ്ണങ്ങളാക്കി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ജീരകപ്പൊടി, ഗരംമസാല, പുളിയില്ലാത്ത തൈര്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് കൈകൊണ്ട് നന്നായി മിക്‌സ് ചെയ്ത് മൂടി 1/2 മണിക്കൂര്‍ വെക്കുക. ശേഷം കുക്കര്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ഗ്രാമ്പൂ, ബിരിയാണി ഇല, ജീരകം എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് കറിവേപ്പില വിതറി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റി എടുക്കാം.

ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. പിന്നീട് ഇതിലേക്ക് തക്കാളി അരച്ചത് ചേര്‍ത്ത് 5 മിനിറ്റ് നന്നായി വഴറ്റുക, തക്കാളിയിലെ വെള്ളം വറ്റി കഴിയുന്നത് വരെ. അടുത്തതായി കുതിര്‍ത്ത ഉരുളക്കിഴങ്ങുകള്‍ ചേര്‍ത്ത് നന്നായി ഇളക്കാം. പിന്നീട് ഗ്രേവിക്ക് ആവശ്യമായ വെള്ളം ഒഴിച്ച് കസൂരി മേത്തി കൈകൊണ്ട് ചതച്ച് ഇളക്കുക, കുക്കര്‍ മൂടി 3 വിസില്‍ വരെ വേവിക്കുക.
വിസില്‍ മുഴങ്ങുമ്പോള്‍ കുക്കര്‍ തുറന്ന് മല്ലിയില വിതറി ഇളക്കിയാല്‍ സ്വാദിഷ്ടമായ പൊട്ടറ്റോ ഗ്രേവി തയ്യാര്‍.