തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് നൽകുന്ന പ്രസാദങ്ങളിൽ നിന്നും അരളിപ്പൂ പൂർണമായി ഒഴിവാക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
അരളിപ്പൂവിന്റെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രാസപരിശോധനാഫലം വരുന്നത് വരെ ഇടക്കാല തീരുമാനമെന്ന നിലയ്‌ക്കാണ് അരളിപ്പൂ ഒഴിവാക്കുന്നതെന്നും ഭക്തരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം സ്വീകരിച്ചതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
നിവേദ്യ സമർപ്പണത്തിലും ഭക്തർക്ക് നൽകുന്ന അർച്ചന പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കുന്നതാണ് ഒഴിവാക്കിയിട്ടുള്ളത്. ക്ഷേത്ര നിവേദ്യ സമർപ്പണത്തിന് തുളസി, പിച്ചി, മുല്ല, റോസ, ജമന്തി, തെച്ചി എന്നീ പുഷ്പങ്ങൾ ഉപയോഗിക്കാമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.
പൂജയ്‌ക്ക് ഉപയോഗിക്കുന്നതിൽ നിന്നും അരളിപ്പൂ വിലക്കിയിട്ടില്ല. നിവേദ്യ സമർപ്പണത്തിലും ഭക്തരിലേക്ക് എത്തുന്ന പ്രസാദത്തിലും അരളിപ്പൂ ഒഴിവാക്കാനാണ് തീരുമാനമെന്ന് പി.എസ് പ്രശാന്ത് വ്യക്തമാക്കി. പുഷ്പാഭിഷേകം, നിറമാല എന്നിവയ്‌ക്കായി അരളിപ്പൂ ഉപയോഗിക്കുന്നത് തത്കാലം വിലക്കിയിട്ടില്ല. അരളിപ്പൂവ് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം നൽകിയാൽ നടപ്പിലാക്കും. ശാസ്ത്രീയമായ പരിശോധനാഫലത്തിൽ അരളിപ്പൂ വിഷമാണെന്ന് കണ്ടെത്തിയാൽ ക്ഷേത്രത്തിലെ ഒരു കാര്യങ്ങൾക്കും അരളിപ്പൂ ഉപയോഗിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.