ഡ്രൈവിംഗ് ടെസ്റ്റു പരിഷ്ക്കരണ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടു വന്ന സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 13ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് ചട്ടം കെട്ടി സിഐടിയു. സര്‍ക്കാരിനെതിരെയുള്ള സമരമായതിനാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എട്ടു ദിവസമായി സംസ്ഥാനത്തുടനീളം നടന്നു വരുന്ന ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത സമരസമിതി സമരത്തില്‍ സംഘടന മറന്ന് എല്ലാവരും പങ്കെടുക്കുന്നുണ്ട്. ഇതിനെ തടയിടാന്‍ സിഐടിയു നേതാക്കള്‍ക്കോ സംഘടനയ്‌ക്കോ കഴിഞ്ഞില്ല.
എന്നാല്‍ സെക്രട്ടറിയേറ്റ് സമരത്തില്‍ നിന്നും പ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്ന അപ്രഖ്യാപിത വിലക്കും ശാസനയുമാണ് സിഐടിയു യൂണിയന്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ജീവിതപ്രശ്‌നമാണന്നും, സമരത്തില്‍ പങ്കെടുക്കുമെന്ന് സിഐടിയു പ്രവര്‍ത്തകര്‍ പറയുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ജീവിതപ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ടാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ മുഴുവന്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെയും ബാധിക്കുന്ന വിഷയമാണിത്. ഇക്കാരണത്താല്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വിരുദ്ധ സമരമല്ലയിത്, ഞങ്ങള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും അംഗങ്ങള്‍ പറഞ്ഞു.
മേയ് 13നാണ് സെക്രട്ടറിയേറ്റ് സമരവും ബഹുജനമാര്‍ച്ചും ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത സമരസമിതി സംഘടിപ്പിക്കുന്നത്. എട്ട് ദിവസമായി മുടങ്ങിയ ഡ്രൈവിങ് ടെസ്റ്റ് പരീക്ഷയിലും സര്‍ക്കുലറില്‍ യാതൊരു നടപടിയും കൈക്കൊള്ളാതെ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റ് സമരം നടത്താന്‍ തീരുമാനിച്ചത്. സമരശേഷവും സര്‍ക്കാര്‍ സര്‍ക്കുലറുമായി മുന്നോട്ടു പോയാല്‍ അനശ്ചിതക്കാല സമരത്തിലേക്കു പോകുമെന്ന് സംയുക്ത സമരസമിതി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ പിന്‍വലിക്കുക. സംസ്ഥാനത്തെ 86 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും സര്‍ക്കാര്‍ സ്വന്തമായി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് നിര്‍മ്മിക്കുക. 15 വര്‍ഷം കഴിഞ്ഞ ഫിറ്റ്‌നസ് ഉള്ള വാഹനങ്ങള്‍ ഡ്രൈവിംഗ് പരിശീലനത്തിന് അനുവദിക്കുക. ഡ്രൈവിംഗ് ടെസ്റ്റ് കളുടെ പ്ലോട്ടുകളുടെ എണ്ണം 40 ആയി വെട്ടിച്ചുരുക്കിയത് വര്‍ദ്ധിപ്പിക്കാന്‍ നടപടി ഉണ്ടാവുക. ഓരോ ഓഫീസുകളിലും ടെസ്റ്റുകളുടെ എണ്ണം ഉദ്യോഗസ്ഥരുടെ എണ്ണത്തിനനുസരിച്ച് വര്‍ദ്ധിപ്പിക്കുക.
ഡ്രൈവിംഗ് ടെസ്റ്റ് സമയത്ത് ഡ്യുവല്‍ ക്ലച്ച് ആന്‍ഡ് ബ്രേക്ക് ഒഴിവാക്കുക. ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിനായി കൈകൊണ്ട് ഗിയര്‍ മാറ്റാവുന്ന സ്‌കൂട്ടറുകള്‍ പഠിക്കുന്നതിനും ടെസ്റ്റ് നടത്തുന്നതിനുള്ള അനുവാദം നല്‍കുക. രാജ്യത്ത് ഇന്ന് പുതുതായി ഇറങ്ങുന്ന ഇലക്ട്രിക്, ഓട്ടോമാറ്റിക് വാഹനങ്ങള്‍ പഠിക്കുവാനും അതില്‍ ടെസ്റ്റുകള്‍ നടത്തുവാനും അനുവാദം നല്‍കുക. സ്വയം തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ സംരക്ഷിക്കുക എന്നീ ഒന്‍പത് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സെക്രട്ടറിയേറ്റ് സമരം സംഘടിപ്പിക്കുന്നത്.
മുകളില്‍ പറഞ്ഞ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ എട്ട് ദിവസമായി സംയുക്ത സമയ സമിതി കേരളം മുഴുവന്‍ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ട് സമരം നടത്തുകയാണെന്ന് സംയുക്ത സമരസമിതിക്കുവേണ്ടി ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്‌റ്റേഴ്‌സ് ആന്റ്് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.