സര്‍ക്കര്‍ ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ആദ്യഘട്ടമായി പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്കു വന്നിരിക്കുകയാണ്. നാളെ ഉദ്യോഗസ്ഥ തലത്തില്‍ ജീവനക്കാരുടെ സംഘടനകളുമായുള്ള ചര്‍ച്ച നടക്കുന്നുണ്ട്. ഇത് ആശ്രിത നിയമന പദ്ധതി തന്നെ ഇല്ലാതാക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഗൂഢ പദ്ധതിയാണെന്ന് കഴിഞ്ഞ വര്‍ഷം തന്നെ പ്രതിപക്ഷ സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച പരാജയപ്പെട്ടതോടെയാണ് പദ്ധതി നടപ്പാകാകാതെ വന്നത്. ഈ വര്‍ഷവും പദ്ധതിയുമായി സര്‍ക്കാര്‍ വന്നിരിക്കുകയാണ്. ആശ്രിത നിയമനത്തിനായി വെച്ചിട്ടുള്ള പുതിയ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ല.
പുതിയ പദ്ധതി പ്രകാരം ആശ്രിത നിയമനം, മരണമടയുന്ന ജീവനക്കാരന്റെ ആശ്രിതന്റെ അര്‍ഹതക്ക് വിചിത്രമായ പ്രായപരിധിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരന്‍ മരണമടയുമ്പോള്‍ ആശ്രിതര്‍ 13 വയസോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ആശ്രിത നിയമനം ലഭിക്കൂ. സ്വാഭാവികമായും കുടംബത്തിന്റെ അത്താണിയായ ജീവനക്കാരന്‍ മരണപ്പെടുമ്പോള്‍ കുട്ടികള്‍ക്ക് 13 വയസ്സിന് താഴെ മാത്രം പ്രായമുണ്ടെങ്കില്‍, പ്രായപൂര്‍ത്തിയാകുമ്പോള്‍ ആശ്രിത നിയമനം ലഭിക്കില്ലെന്ന് ചുരുക്കം. ആശ്രിതന് 13 വയസ് ഉറപ്പു വരുത്തിയിട്ട് എങ്ങനെയാണ് ജീവനക്കാരന് മരിക്കാന്‍ കഴിയുക എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. 13 വയസ്സിനു താഴെ പ്രായമുള്ള ആശ്രിതനുണ്ടെങ്കില്‍ അവര്‍ക്ക് സമാശ്വാസ ധന സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.
ഇത് കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ പറഞ്ഞിരുന്നതാണ്. ജോലി പകരം പണം എന്ന ആശയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഇത് സമ്മതിക്കാനാവില്ലെന്നാണ് കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നിലപാട്. ജീവനക്കാരന്റെ മരണത്തിന് വിലയിടാനേ കഴിയില്ല. അതുകൊണ്ടുതന്നെ സമാശ്വാസ ധനം എന്ന വ്യവസ്ഥയും അംഗീകരിക്കില്ല. നിര്‍ദ്ദിഷ്ട സീനിയോറിട്ടി ലിസ്റ്റ് സംബന്ധിച്ച് തികഞ്ഞ അവ്യക്തത നിലനില്‍ക്കുന്നു. നിശ്ചിത ടേണ്‍ എന്നതിന് പകരം ഒരുമിച്ച് ഒഴിവ് കണക്കാക്കുന്ന നിലവിലുള്ള രീതി തുടരണം. വയസിന്റെ അടിസ്ഥാനത്തിലുള്ള മുന്‍ഗണനയും അംഗീകരിക്കാവുന്ന മാനദണ്ഡമല്ല.
പത്തിലൊന്ന് വച്ചുള്ള മുന്‍ഗണന സീനിയോറിട്ടിയെ മറികടക്കുന്നതും മറ്റ് ഇടപെടലുകള്‍ക്ക് വഴിവെക്കുന്നതുമാണെന്നും കേരള സെക്രട്ടേറിയറ്റ് അസാേ സിയേഷന്‍ പ്രസിഡന്റ് ഇര്‍ഷാദ് എം.എസും ജനറല്‍ സെക്രട്ടറി ബിനോദ് കെയും അഭിപ്രായപ്പെട്ടു. നിയമനത്തിന് പകരം സമാശ്വാസ ധനം എന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം സീനിയോറിട്ടി ലിസ്റ്റ് സ്ഥായിയായ ഒന്നല്ല. ഇത്തരത്തില്‍ ഒട്ടേറെ അപാകതകള്‍ കടന്നു കൂടിയതാണ് കരട് നിര്‍ദ്ദേശങ്ങളെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. വരുമാന പരിധി വര്‍ധിപ്പിച്ചും കൂടുതല്‍ ക്ലാസ് 4. ക്ലാസ്3 കാറ്റഗറികള്‍ ഉള്‍പ്പെടുത്തിയും ആശ്രിത നിയമന പദ്ധതി തുടരണമെന്ന് അസോസിയേഷന്‍ നേതൃത്വം ആവശ്യപ്പെട്ടു.