കുട്ടിക്കാനത്ത് 600 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു; രണ്ട് മരണം

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. കൊല്ലം പാരിപ്പിള്ളി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ 600 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴക്ക് സമീപത്താണ് അപകടം നടന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ സിന്ധു (45), ഭദ്ര(18) എന്നിവരാണ് മരിച്ചത്. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു കാര്‍. റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

പൊലീസും നാട്ടുകാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നാണ് കാറിലുള്ളവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Latest News