കടലാക്രമണത്തിൽ സമ്പൂർണ വംശനാശം സംഭവിച്ച് ഒടുവിൽ സവിശേഷ പരിണാമത്തിൽ തിരികെ എത്തിയ ഒരു പക്ഷിയുണ്ട്. അൽഡാബ്ര റെയിൽ എന്നറിയപ്പെടുന്ന പക്ഷിയാണ് വംശനാശത്തിൽ നിന്നു തിരികെയെത്തിയത്. സ്വയം പരിഷ്കരണത്തിലൂടെയും പരിണാമത്തിലൂടെയും ഈ പക്ഷി തനിക്ക് നേരിട്ട ദുർവിധിയെ പരാജയപ്പെടുത്തുകയായിരുന്നു. അൽഡാബ്ര അറ്റോൾ എന്ന ദ്വീപിലാണ് ഈ പക്ഷിയുള്ളത്. തെക്കുകിഴക്കൻ ആഫ്രിക്കൻ തീരത്ത് മഡഗാസ്കറിനു വടക്കായാണ് ഇതിന്റെ സ്ഥാനം. ഒരു കോഴിയുടെ വലുപ്പമുള്ള ഈ പക്ഷിയെ കണ്ടാൽ പ്രത്യേകിച്ച് രൂപപരമായ സവിശേഷത അനുഭവപ്പെടില്ല. ചാരനിറത്തിലുള്ള പുറംശരീരവും ചുവപ്പുകലർന്ന ശിരസ്സും വെളുത്ത തൊണ്ടയുമുള്ളതാണ് ഈ പക്ഷി. വൈറ്റ് ത്രോട്ടഡ് റെയിൽ എന്നറിയപ്പെടുന്ന പക്ഷിയുടെ വിഭാഗത്തിൽ ഉൾപ്പെട്ട ഈ പക്ഷി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ പറക്കാൻ കഴിയാത്തതായുള്ള ഏക പക്ഷിയാണ്.
ഏകദേശം ഒന്നരലക്ഷത്തോളം വർഷങ്ങൾ മുൻപാണ് അൽഡാബ്ര ദ്വീപ് കടലാക്രമണത്തിൽ മുങ്ങിയത്. തിരമാലകൾ തിരികെപ്പോയപ്പോഴേക്കും ദ്വീപിൽ ജൈവികവും പാരിസ്ഥിതികവുമായ വൻമാറ്റം സംഭവിച്ചുകഴിഞ്ഞിരുന്നു. അനേകം വർഷങ്ങൾ നീണ്ടുനിന്ന ഈ പ്രക്രിയയിൽ പറക്കാനൊക്കാത്ത റെയിൽ പക്ഷികൾക്ക് സമ്പൂർണ വംശനാശം സംഭവിച്ചു. എന്നാൽ പിന്നീടാണ് ശ്രദ്ധേയമായ ഒരു കാര്യം സംഭവിച്ചത്. ദ്വീപ് പൂർവസ്ഥിതിയിലായപ്പോൾ വൈറ്റ് ത്രോട്ടഡ് റെയിൽ വിഭാഗത്തിലുള്ള പക്ഷികൾ (ഇവയ്ക്ക് അപ്പോൾ വംശനാശം സംഭവിച്ചിരുന്നില്ല. ഇവയ്ക്ക് പറക്കാനും കഴിയുമായിരുന്നു). ഇവ ദ്വീപിനെ തങ്ങളുടെ തട്ടകമാക്കുകയും പറക്കാനുള്ള ശേഷി ഇവയ്ക്ക് കൈമോശം വരികയും ചെയ്തു. തദ്ഫലമായി ഇവയുടെ ശരീരഭാരം ക്രമാതീതമായി വർധിക്കാനും തുടങ്ങി.
ചുരുക്കി പറഞ്ഞാൽ ദ്വീപിൽ വംശനാശം സംഭവിച്ചുപോയ പക്ഷികളുടെ തനിപ്പകർപ്പുകളായി പുതിയ വൈറ്റ് ത്രോട്ടഡ് പക്ഷികൾ മാറി. ഐറ്ററേറ്റീവ് ഇവല്യൂഷൻ എന്ന പരിണാമപ്രക്രിയയാണ് ദ്വീപിൽ സംഭവിച്ചതെന്ന് ഗവേഷകർ പറയുന്നു. ഇത്തരത്തിലൊരു പരിണാമപ്രക്രിയ തങ്ങളുടെ ശ്രദ്ധയിൽപെട്ടത് ആദ്യമായാണെന്ന് ഗവേഷകർ പറയുന്നു. ഏതായാലും പുതിയ റെയിൽപക്ഷികൾക്ക് ദ്വീപിൽ പറക്കേണ്ട ആവശ്യമില്ലായിരുന്നു. പറക്കാതെ തന്നെ കരയിൽ നിന്ന് ഭക്ഷണം കണ്ടെത്താൻ ഇവയ്ക്കു കഴിഞ്ഞിരുന്നു. ഇവ മുട്ടകളിടുന്നതും തറയിൽ തന്നെയാണ്. ദ്വീപിൽ ഓടിനടന്നു ഭക്ഷണം കണ്ടെത്താൻ സഹായിക്കുന്ന ശക്തമായ കാലുകൾ ഇവയ്ക്കുണ്ട്.