മുംബൈ: മഹാരാഷ്ട്ര മുൻ എടിഎസ് മേധാവി ഹേമന്ത് കർക്കരയ്ക്കെതിരെ വ്യാജ വീഡിയോ നിർമിച്ച് പോസ്റ്റ് ചെയ്തതിൽ മൂന്ന് പേർക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയിലൂടെ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിന് മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഐപിസി 153-എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295-എ (ഏതെങ്കിലും മതത്തെയോ വിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരം വ്രണപ്പെടുത്തുന്ന മനപൂർവ്വമുള്ള പ്രവൃത്തി), 298 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുംബൈയിലെ തുർഭെ സ്വദേശി സുരേഷ് രാമ ഗെയ്ക്വാദാണ് പരാതി നൽകിയത്. പ്രതികൾ വ്യാജ വീഡിയോ ഉണ്ടാക്കി യുട്യൂബിൽ പോസ്റ്റ് ചെയ്തെന്നും താൻ ഏപ്രിൽ 22ന് വീഡിയോ കണ്ടതായും സുരേഷ് പരാതിയിൽ പറയുന്നു.
‘ബ്രാഹ്‌മണർ തീവ്രവാദി ആക്രമണങ്ങൾ നടത്തുകയും മുസ്‍ലിംകളെ കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് യഥാർഥ കഥ പോലെയാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ കൂടാതെ അവരുടെ ടീം അംഗങ്ങൾക്കുമെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.