പരിഷ്‌കാരവുമായി മുന്നോട്ട്; നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുറച്ച് ഗതാഗതവകുപ്പ്. സ്ലോട്ട് ലഭിച്ചവർ കൃത്യമായി ഹാജരാകണമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീയതി ലഭിച്ച ഉദ്യോഗാർത്ഥികൾ സ്വന്തം നിലക്ക് വാഹനവുമായി എത്താൻ നിർദേശം. പ്രതിഷേധങ്ങൾക്കിടയിലും ആളുകൾ ടെസ്റ്റ് നിർത്തിപോകുന്നുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ടെസ്റ്റ് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമികൾ സജ്ജമാക്കാൻ ആർടിഒമാർക്ക് നിർദേശം. പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആർടിഓമാർക്ക് നിർദേശം. ടെസ്റ്റ് നടത്തുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിർദേശം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.

അതേസമയം ഇരുചക്ര വാഹന ലൈസൻസിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൈ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ തുടർന്നും ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാം. മൂന്നു മാസത്തേക്കാണ് ഇളവ്. കാലുകൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ ഉപയോഗിക്കണമെന്നായിരുന്നു പരിഷ്ക്കരണം.

പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.

ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയിൽ നടത്തുന്നതിനായാണ് സർക്കാർ പരിഷ്കാരം നടപ്പാക്കുന്നത്. അത് തടസ്സപ്പെടുത്താനുള്ള ശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവ‍ര്‍ പിന്മാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. സിഐടിയു നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്കൂൾ അസ്സോസിയേഷൻ നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഇളവുകളും സാവകാശവും അനുവദിക്കാൻ സർക്കാർ സന്നദ്ധമായത്. ദിവസേനയുള്ള ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വർദ്ധിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. ഇക്കാര്യത്തിൽ അനുവദിക്കാവുന്ന പരമാവധി എണ്ണം വർദ്ധിപ്പിച്ചു നൽകാനാണ് സർക്കാർ തയ്യാറായതെന്ന വസ്തുത വിസ്മരിക്കരുതെന്ന് മന്ത്രി പറഞ്ഞു.

Latest News