പാലക്കാട്: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതസ്പർധ വളർത്തിയെന്ന കേസിൽ പോപുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ റഊഫിനെ പട്ടാമ്പി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് റഊഫ് കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയത്.
ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിൽനിന്ന് ശിവലിംഗം കണ്ടെത്തിയെന്ന വാർത്ത സംബന്ധിച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിലാണ് കേസ്. പോസ്റ്റ് മതസ്പർധയുണ്ടാക്കുന്നതും ശിവലിംഗത്തെ അവഹേളിക്കുന്നതുമാണെന്നും മനപൂർവം കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ചെയ്തതാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2022 മെയ് 28നാണ് പട്ടാമ്പി റഊഫിനെതിരെ കേസെടുത്തത്.
ബി.ജെ.പി നേതാവ് സി. അനിൽകുമാർ ഉൾപ്പെടെയുള്ളവരെ സാക്ഷികളാക്കിയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഐ.പി.സി 153, കെ.പി ആക്റ്റിലെ 120 വകുപ്പുകളാണ് ചുമത്തിയിരുന്നത്. റഊഫിനെതിരായ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നത്.