നിലനിൽപ് ചോദ്യംചെയ്യുന്ന വിധത്തിൽ ഭീഷണിയുണ്ടായാൽ ആണവായുധം നിർമിക്കും: ഇറാൻ

തെഹ്റാൻ: നിലനിൽപ് ചോദ്യംചെയ്യുന്ന വിധത്തിൽ ഭീഷണിയുണ്ടായാൽ ഇറാൻ ആണവായുധം നിർമിക്കുമെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ ഉപദേശകൻ കമൽ ഖറാസി. ഇറാന്റെ ആണവോർജ സംവിധാനങ്ങളെ ഇസ്രായേൽ ലക്ഷ്യമിട്ടാൽ പിന്നെ മറ്റു വഴികളുണ്ടാവില്ലെന്നും ആണവായുധം നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ഇസ്രായേൽ സിറിയയിലെ ഇറാൻ എംബസിക്ക് നേരെ വ്യോമാക്രമണം നടത്തി ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. 300ഓളം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിലേക്ക് തൊടുത്തായിരുന്നു ഇറാന്റെ മറുപടി. ഇരു രാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു.

ഇറാന്റെ പക്കൽ 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഉള്ളതായാണ് റിപ്പോർട്ട്. 90 ശതമാനം സമ്പുഷ്‍ടീകരിച്ച യുറേനിയമാണ് ആണവായുധത്തിന് ആവശ്യം.