ന്യൂഡൽഹി: മധ്യപ്രദേശിൽ ബിജെപി നേതാവ് പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് വോട്ടുചെയ്യിപ്പിച്ചത് വിവാദമായി. ഭോപാൽ മണ്ഡലത്തിലെ ബെരാസിയയിൽ ആണ് ജില്ലാ പഞ്ചായത്ത് അംഗമായ വിനയ് മെഹർ മകനുമായി ബൂത്തിലെത്തി വോട്ടു ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടി വോട്ടുചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം. താമര അടയാളത്തിൽ വിനയ് മെഹറിനു വേണ്ടി വോട്ടുചെയ്തത് മകൻ. ഇതിന്റെ 14 സെക്കൻഡ് നീളുന്ന ദൃശ്യങ്ങൾ വിനയ് തന്നെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മകനാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് സൂചന.
भाजपा ने चुनाव आयोग को बच्चों का खिलवाड़ बना दिया है। भोपाल में भाजपा के जिला पंचायत सदस्य विनय मेहर ने नाबालिग बेटे से डलवाया वोट। वोट डालते वक्त का विनय मेहर ने वीडियो भी बनाया। वीडियो फेसबुक पर विनय मेहर ने किया पोस्ट।
कोई कार्रवाई होगी? pic.twitter.com/M7kSZUJtCW— Piyush Babele||पीयूष बबेले (@BabelePiyush) May 9, 2024
വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നത്. പോളിംഗ് ബൂത്തിലേക്ക് മൊബൈൽ ഫോൺ എങ്ങനെ അനുവദിച്ചുവെന്നാണ് പ്രധാന ചോദ്യം. ചെറിയ കുട്ടിയെ ബൂത്തിനുള്ളിലേക്ക് കയറ്റാൻ ആരാണ് അനുവാദം നൽകിയതെന്നും ചോദ്യം ഉയരുന്നുണ്ട്. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെകുട്ടിക്കളിയായി മാറ്റിയെന്നും എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്നും മുൻ മുഖ്യമന്ത്രി കമൽനാഥിൻ്റെ ഓഫീസിലെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബെലെ വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സംഭവം വിവാദമായതിനു പിന്നാലെ കലക്ടർ അന്വേഷണം നടത്തുകയും വിനയ് മെഹറിനെതിരെ കേസെടുക്കുകയും ചെയ്തു. പ്രിസൈഡിങ് ഓഫിസറായ സന്ദീപ് സയ്നിയെ സസ്പെൻഡ് ചെയ്തു. ബൂത്ത് ചിത്രീകരിക്കാൻ അനുവദിച്ചതും കുട്ടിയെ ഒപ്പം കയറ്റിവിട്ടതും അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.