നമ്മള്‍ കഴിക്കുന്ന തന്നെയാണ് വലിയൊരു പരിധി വരെ നമ്മെ നിര്‍ണയിക്കുന്നത്. ആരോഗ്യം എങ്ങനെയിരിക്കുന്നു, എന്തെല്ലാം അസുഖങ്ങളുണ്ട്, വണ്ണം എന്നിങ്ങനെ തുടങ്ങി നമ്മുടെ മാനസികാവസ്ഥയെ വരെ ഭക്ഷണം സ്വാധീനിക്കുന്നു.
ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണീരിതി ആയിരിക്കണം നാം പിന്തുടരുന്നത്. ഭക്ഷണം എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്നത് തീര്‍ത്തും വ്യക്തിയുടെ സ്വാതന്ത്ര്യം തന്നെയാണ്. എന്നാല്‍ ഓരോ തരം ഡയറ്റുകള്‍ക്കും മൂല്യത്തിനൊപ്പം തന്നെ അതിന്‍റേതായ റിസ്കുകളുമുണ്ട്. ഇത്തരത്തില്‍ വെജിറ്റേറിയൻ വിഭവങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നവരില്‍ കണ്ടേക്കാവുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം പച്ചക്കറികളില്‍ നിന്ന് കിട്ടാം. പക്ഷേ അധികം കലോറി കിട്ടാൻ പ്രയാസമാണ്. കലോറി കുറവായാലോ അത് നമ്മുടെ എനര്‍ജി ലെവലിനെയും മറ്റും ബാധിക്കും. അതിനാല്‍ കലോറി കൂടുതല്‍ കിട്ടാനായി കൂടുതല്‍ ശ്രദ്ധ ഡയറ്റില്‍ പുലര്‍ത്തേണ്ടി വരാം.
സസ്യാഹാരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നവരില്‍ കണ്ടേക്കാവുന്ന മറ്റൊരു പ്രശ്നമാണ് പ്രോട്ടീൻ കുറവ്. മാംസാഹാരങ്ങളാണ് പ്രോട്ടീന്‍റെ മികച്ച സ്രോതസ് എന്ന കാരണം കൊണ്ട് തന്നെ ഇത് സംഭവിക്കുന്നത്. അതേസമയം സസ്യാഹാരികളായവര്‍ക്ക് ആശ്രയിക്കാവുന്ന പ്രോട്ടീൻ സ്രോതസുകളുമുണ്ട്. ഇവ അറിഞ്ഞ് മനസിലാക്കി ഡയറ്റിലുള്‍പ്പെടുത്തുകയാണ് പ്രോട്ടീൻ കുറവിനെ നേരിടാൻ ചെയ്യാവുന്നത്.
സസ്യാഹാരം മാത്രം കഴിക്കുമ്പോള്‍ കൂടുതലായ അളവില്‍ ഫൈബര്‍ ശരീരത്തിലെത്തുകയും അതുവഴി ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ പതിവാകുകയും ചെയ്യാം. ഇത് എല്ലാവരെയും ബാധിക്കുന്ന പ്രശ്നമല്ല. ചിലര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കാം. ഇത് തിരിച്ചറിഞ്ഞ് ഡയറ്റില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്.
സസ്യാഹാരങ്ങള്‍ പോഷകപ്രദമാണെങ്കില്‍ ചില പോഷകങ്ങള്‍ ഇതില്‍ തീര്‍ത്തും വിട്ടുപോകാൻ സാധ്യതയുണ്ട്. വൈറ്റമിൻ ബി 12, അയേണ്‍, സിങ്ക്, കാത്സ്യം, ഒമേഗ- 3 ഫാറ്റി ആസിഡ്സ് എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഇവയില്‍ ഉണ്ടാകുന്ന കുറവ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ ഇവ കൂടി അടങ്ങുന്ന വിഭവങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാൻ ശ്രദ്ധിക്കുക.
സസ്യാഹാരങ്ങള്‍ മാത്രം കഴിക്കുന്നവര്‍ പ്രോട്ടീനിന് വേണ്ടി ധാരാളമായി സോയ ഉത്പന്നങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളിലേക്ക് നയിക്കാറുണ്ട്. അതിനാല്‍ ഇങ്ങനെ നാം തെരഞ്ഞെടുക്കുന്ന വിഭവങ്ങള്‍ അധികമാകുന്നതിന്‍റെ പരിണിതഫലങ്ങളെ കുറിച്ചും അറിവുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്.
സസ്യാഹാരികളായ ചിലരില്‍ പോഷകക്കുറവുണ്ടാകുമ്പോള്‍ അത് വിഷാദത്തിലേക്ക് (ഡിപ്രഷൻ) നയിക്കാറുണ്ട്. ഇക്കാര്യവും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
നേരത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെയും വിഷാദത്തിന്‍റെയും കാര്യം പറഞ്ഞതുപോലെ തന്നെ പോഷകക്കുറവിനാല്‍ അനീമിയ അഥവാ വിളര്‍ച്ചയിലേക്കും സസ്യാഹാരികള്‍ എത്താനുള്ള സാധ്യതകളേറെയാണ്. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.