ചർമ്മം തിളക്കമുള്ളതായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്! എന്നാല്‍ ചർമ്മം എപ്പോഴും തിളക്കമുള്ളതായി ഇരിക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ സ്കിൻ കെയര്‍ റുട്ടീൻ ഇതിനാവശ്യമാണ്. അതുപോലെ തന്നെ നമ്മുടെ മറ്റ് ജീവിതരീതികളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും അഴകിനെയുമെല്ലാം പോസിറ്റീവ് ആയും നെഗറ്റീവ് ആയും സ്വാധീനിക്കാറുണ്ട്.
ജീവിതരീതികളില്‍ തന്നെ ഏറ്റവും പ്രധാനം ഭക്ഷണം ആണെന്ന് പറയാം. ചര്‍മ്മത്തിന് ഗുണകരമല്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും ഗുണകരമായവ ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെയുമെല്ലാം ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും നമുക്ക് കാത്തുസൂക്ഷിക്കാൻ ഒരളവ് വരെ സാധിക്കും.
ഇത്തരത്തില്‍ മുഖചര്‍മ്മം തിളക്കമുള്ളതാക്കി വയ്ക്കാൻ നമ്മെ സഹായിക്കുന്ന നല്ലൊരു വിഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, ക്യാരറ്റ് കൊണ്ട് തയ്യാറാക്കുന്നൊരു സിമ്പിള്‍ സലാഡ് ആണിത്. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്.
തയ്യറാക്കുന്ന വിധം
രണ്ടോ മൂന്നോ ക്യാരറ്റ് തൊലിയൊക്കെ കളഞ്ഞ് വൃത്തിയാക്കിയെടുത്ത് ചെറുതായി മുറിക്കണം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീരോ, ഒരു ടീസ്പൂണ്‍ വിനാഗിരിയോ ചേര്‍ക്കണം. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ക്കാം. അല്‍പം സീ സോള്‍ട്ടും, എള്ളും കൂടി വിതറിയിട്ടാല്‍ സലാഡ് തയ്യാര്‍. ഇത് ഉച്ചയ്ക്കോ രാത്രിയോ എല്ലാം കഴിക്കാം. ക്യാരറ്റ് സലാഡ് ദിവസവും ഡയറ്റിലുള്‍പ്പെടുത്താനായാല്‍ തീര്‍ച്ചയായും ഇതിന്‍റെ മാറ്റം ചര്‍മ്മത്തില്‍ കാണാൻ സാധിക്കും.