വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന ദിവസം സാമ്പാറോ അല്ലെങ്കിൽ മോര് കറിയോ നിർബന്ധമാണ്. സാമ്പാറിന്റെ ഒരു അവിഭാജ്യ ഘടകമാണ് വെണ്ടയ്ക്ക. ഇതല്ലാതെയും വെണ്ടയ്ക്ക കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍ പലതുണ്ട്. വെണ്ടയ്ക്കയില്‍ മോരൊഴിച്ച് കറി വയ്ക്കുന്നത് തമിഴ് നാട്ടിലെ ഒരു രീതിയാണ്. വെണ്ടയ്ക്ക മോര് കുളമ്പ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക-അരക്കിലോ
- തേങ്ങ-അരക്കപ്പ്
- വെള്ള ചോറ്- 1 ടേബിള്‍ സ്പൂണ്‍
- പച്ചമുളക്-4
- തൈര്-1 കപ്പ്
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂൺ
- കായം-ഒരു നുള്ള്
- കടുക്-1 ടീസ്പൂണ്‍
- ഉലുവ-അര ടീസ്പൂണ്‍
- ചുവന്ന മുളക്
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യറാക്കുന്ന വിധം
ചോറ്, തേങ്ങ, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണ ചൂടാക്കി വെണ്ടയ്ക്ക രണ്ടു മൂന്നു കഷ്ണമായി മുറിച്ചു ചേര്‍ത്തിളക്കുക. ഇത് അല്‍പം ഫ്രൈ ആകണം. ഇവ മാറ്റി വയ്ക്കുക. ഈ പാനില്‍ അല്‍പം കൂടി വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ഇതില്‍ കടുക്, ഉലുവ, ചുവന്ന മുളക്, കായം, കറിവേപ്പില, മസാലപ്പൊടികള്‍ എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് തൈരും അരപ്പും ചേര്‍ത്തിളക്കണം. അല്‍പം വെള്ളവും ചേര്‍ക്കാം. ഇത് അല്‍പം തിളച്ചു കുറുകിക്കഴിയുമ്പോള്‍ പാകത്തിന് ഉപ്പു ചേര്‍ത്ത് വറുത്ത വേണ്ടെയ്ക്കയും ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം. വെണ്ടയ്ക്ക-മോരു കുളമ്പ് തയ്യാര്‍.