ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരിക്കാന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരവുമായി മുന്നോട്ട് പോകുന്ന സ്‌കൂള്‍ ഉടമകള്‍ക്കും അസോസിയേഷനുകള്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്ന് കാട്ടി പുതിയ നീക്കവുമായി സംസ്ഥാന ഗതാഗത വകുപ്പ്. റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 190 കോടി വിനിയോഗിച്ച് സംസ്ഥാനത്ത് പുതിയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ ഒരുക്കാനുള്ള നീക്കത്തിലാണ് ഗതാഗതവകുപ്പ്. ഈ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് ഡ്രൈവിംഗ് സ്‌കൂളുകള്‍ രംഗത്തെത്തി. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ പക്കലുള്ള സുരക്ഷാ ഫണ്ടില്‍ നിന്നുമാണ് പുതിയ ഗ്രൗണ്ടുകള്‍ ഒരുക്കാനുള്ള ധനവിനിയോഗം നടത്തുന്നത്. ഗതാഗത വകുപ്പിന്റെ ഒന്‍പത് ടെസ്റ്റിങ്ങ് കേന്ദ്രങ്ങള്‍ ഒഴികെ നിലവില്‍ 77 ഗ്രൗണ്ടുകള്‍ സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളുടെ കൈവശമാണ് ഉള്ളത്. ഇക്കാരണത്താല്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണ സര്‍ക്കുലര്‍ വിവാദത്തത്തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി സംസ്ഥാനത്ത് ടെസ്റ്റുകള്‍ മുടങ്ങിയിരിക്കുകയാണ്.
ഈ സാഹചര്യത്തെ മറിക്കടക്കാന്‍വേണ്ടി സര്‍ക്കാര്‍ തീരുമാന പ്രകാരം ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംവിഡി ഗ്രൗണ്ടുകള്‍ കണ്ടെത്തിക്കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള 24 സ്ഥലങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിനായി ഒരുക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ വിവിധ ജില്ലകളില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ ടെസ്റ്റിനായി കണ്ടെത്താന്‍ ഗതാഗത വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഭൂമികളുടെ ലഭ്യതയാണ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഭൂമി ലഭ്യമല്ലാത്തയിടങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി പാട്ടവ്യവസ്ഥയിലോ വിലയക്കു വാങ്ങിയോ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഒരുക്കാനാണ് ഗതാഗത വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. ഇതിനെല്ലാമായി ധനം കണ്ടെത്തുന്നത് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നുമാണ്.
കോടതിയെ സമീപിക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍
റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നുമുള്ള തുക വിനിയോഗിച്ച് ഡ്രൈവിംഗ് ഗ്രൗണ്ടുകള്‍ ഒരുക്കിയാല്‍ കോടതിയെ സമീപിക്കുമെന്ന് സംയക്തസമരസമിതി ആവശ്യപ്പെട്ടു. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഉണ്ട്. ചട്ടലംഘനം നടത്തി ഫണ്ട് വകമാറ്റി വിനിയോഗിക്കാനുള്ള ഗതാഗതവകുപ്പിന്റെ നീക്കം തടയുമെന്ന് സമരസമതി അഭിപ്രായപ്പെട്ടു. മുഴുവന്‍ കാശുമടച്ചാണ് ടെസ്റ്റിനായി ഒരു വ്യക്തിയെ പരീക്ഷയ്ക്കായി കയറ്റുന്നത്.
നിലവില്‍ 130 കോടിയോളം രൂപ ഫീസിനത്തില്‍ ഗതാഗത വകുപ്പിന് അടച്ചിട്ടുണ്ട്. ടെസ്റ്റു നടത്താതെ വിവാദ സര്‍ക്കൂലറുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സമര ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ആദ്യ മേയ് 13ന് സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന മാര്‍ച്ചു ധര്‍ണ്ണയും കഴിഞ്ഞിട്ടു മാത്രമെ പുതിയ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുവെന്ന് സമരസമിതി അറിയിച്ചു. അനാവശ്യ പിടിവാശികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ജനവിരുദ്ധ നയമാണ് സര്‍ക്കാരും വകുപ്പും കൈക്കൊള്ളുന്നത്. വിഷയത്തില്‍ ഇടപെടാതെ ഗതാഗതമന്ത്രി വിദേശത്ത് പോയത് അപലപനീയമാണെന്നും സംയുക്ത സമരസമിതി.
സര്‍ക്കാര്‍ സര്‍ക്കുലറുമായി മുന്നോട്ടു തന്നെ
ഡ്രൈവിംഗ് സ്‌കൂളുകളുടെ വിരട്ടലുകള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാരും ഗതാഗതമന്ത്രിയും. സമ്മര്‍ദ്ദത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലപാട് പാടേ അവഗണിക്കാനാണ് വകുപ്പിന് മന്ത്രി നല്‍കിയ നിര്‍ദ്ദശം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കുലറുമായി മുന്നോട്ട് പോകുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റിനു തയ്യാറായി വരുന്നവരെ മടക്കി വിടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. നിസാര കാരണങ്ങള്‍ പറഞ്ഞ് മടക്കിവിടരുത്. അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കണം. ടെസ്റ്റിനായി വണ്ടിയില്ലങ്കില്‍ അതു പുറത്തു നിന്നും വാടകയ്ക്കു എടുത്തു നല്‍കണം. എല്ലാ ടെസ്റ്റിങ് കേന്ദ്രങ്ങളിലും വാഹന സൗകര്യവും പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തണമെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഡ്രൈവിംഗ് ടെസ്റ്റിനായി കെഎസ്ആര്‍ടിസി കണ്ടെത്തിയത് 24യിടങ്ങളില്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ പരിശോധന നടത്തും. ആനയറ, ചാത്തന്നൂര്‍, പന്തളം, എടത്വ, തേവര, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, നിലമ്പൂര്‍, കോഴിക്കോട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവയാണ്. ഈ 11 സ്ഥലങ്ങളും പൂര്‍ണ്ണ സജ്ജമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഈഞ്ചയ്ക്കല്‍, പാറശാല, ചടയമംഗലം, മല്ലപ്പള്ളി, മാവേലിക്കര, വടക്കഞ്ചേരി, ചിറ്റൂര്‍, എടപ്പാള്‍ എന്നിവിടങ്ങളില്‍ ചെറിയ പണികളും ആറ്റിങ്ങല്‍, ചാലക്കുടി, പൊന്നാനി, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ കാര്യമായ രീതിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കെഎസ്ആര്‍ടിസി ഗതാഗത വകുപ്പിനെ അറിയിച്ചിട്ടുണ്ട്.