ഉരുളക്കിഴങ്ങു കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ പലതാണ്. ഇതിലൊന്നാണ് ആലു കുറുമ. ആലൂ കുറുമ ആന്ധ്ര സ്‌റ്റൈലില്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ? എരിവും മസാലയും ഇഷ്ടപ്പെട്ടവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വിഭവമാണിത്.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ്-4
- സവാള-1
- തക്കാളി-2
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- മല്ലിപ്പൊടി-1 ടീസ്പൂണ്‍
- ഗരം മസാല-അര ടീസ്പൂണ്‍
- കറിവേപ്പില
- ഉപ്പ്
- എണ്ണ
- വെള്ളം
മസാല പേസ്റ്റിന്
- തേങ്ങ ചിരകിയത്-2 ടീസ്പൂണ്‍
- പച്ചമുളക്- 4
- കടുക്-1 ടീസ്പൂണ്‍
- കശുവണ്ടിപ്പരിപ്പ്-10
- പെരുഞ്ചീരകം-അര ടീസ്പൂണ്‍
തയ്യറാക്കുന്ന വിധം
മസാല പേസ്റ്റിനുളള ചേരുവകള്‍ അരച്ചെടുക്കുക. അല്‍പം വെള്ളം ഉപയോഗിച്ചാണ് ഇത് അരയ്‌ക്കേണ്ടത്. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് കറിവേപ്പില ചേര്‍ക്കണം. സവാള അറിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇതിലേയ്ക്കു ചേര്‍ത്ത് ഇളക്കുക. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.
ഇതിലേയ്ക്ക് തക്കാളി അരിഞ്ഞതു ചേര്‍ക്കുക. ഇതിലേയ്ക്ക് മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം. ഈ കൂട്ടിലേക്ക് ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞത് മുറിച്ചു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി പാകത്തിനു വെള്ളമൊഴിച്ചു വേവിയ്ക്കണം. ഇത് വെന്തുവരുമ്പോള്‍ ഗരം മസാല, മല്ലിയില എന്നിവ ചേര്‍ത്ത് വാങ്ങി വയ്ക്കാം.