‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഇടിച്ച് കയറിയ താരമാണ് വിജയ് ദേവരകൊണ്ട. 2011 നവംബർ 3ന് റിലീസ് ചെയ്ത രവി ബാബു ചിത്രം ‘നുവ്വില’യിൽ ക്രിക്കറ്റ് കളിക്കാരന്റെ വേഷം അഭിനയിച്ചുകൊണ്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട് ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ലോകം അറിയുന്ന നടനായ്. ഫിലിം ഫെയർ അവാർഡ്, നന്ദി അവാർഡ്, SIIMA അവാർഡ് ഉൾപ്പെടെ ഒട്ടനേകം പുരസ്കാരങ്ങളും നേടി. ‘യെവടെ സുബ്രമണ്യം’ എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ‘മഹാനടി’യിലെ വേഷവും ശ്രദ്ധയാകർഷിച്ചു. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഇന്ത്യൻ തെലുങ്ക് ഭാഷാ ജീവചരിത്ര സിനിമയാണ് ‘മഹാനടി’. ചിത്രത്തിൽ സാവിത്രിയായ് കീർത്തി സുരേഷാണ് എത്തിയത്.
റൊമാൻ്റിക് കോമഡി ചിത്രം ‘നുവ്വില’ക്ക് ശേഷം ശേഖർ കമ്മുലയുടെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. തരുൺ ഭാസ്‌ക്കർ സംവിധാനം ചെയ്ത ‘പെല്ലി ചൂപ്പുലു’ എന്ന പ്രണയ ചിത്രത്തിലൂടെ ആദ്യമായ് നായക വേഷം അണിഞ്ഞു. ഈ ചിത്രം വാണിജ്യപരമായി വിജയിക്കുകയും 64-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ്, തെലുങ്കിലെ മികച്ച ഫീച്ചർ ഫിലിം എന്നിവ കരസ്ഥമാക്കുകയും ചെയ്തു.
2017 ഓഗസ്റ്റ് 25നാണ് കൾട്ട് ക്ലാസിക് ചിത്രമായ ‘അർജുൻ റെഡ്ഡി’ റിലീസ് ചെയ്തത്. യുവാക്കളിൽ വലിയ രീതിയിൽ ഓളം സൃഷ്ടിച്ച ഈ ചിത്രം സന്ദീപ് വംഗയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. വിജയ് ദേവരകൊണ്ടയും ഷാലിനി പാണ്ഡെയുമാണ് സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. കോപക്കാരനും അമിത മദ്യപാനിയുമായ അർജ്ജുൻ റെഡ്ഡി ദേശ്മുഖിന്റെ വേഷത്തിൽ വിജയ് പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ താരത്തിന്റെ പ്രണയിനിയായിട്ടാണ് ഷാലിനി പാണ്ഡെ എത്തിയത്. പ്രണയ് റെഡ്ഡി വാങ്ക കമ്പനിയുടെ ഭദ്രകാളി പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.
2018 ഓഗസ്റ്റ് 15 റിലീസ് ചെയ്ത ഗീതാ ആർട്‌സിൻ്റെ റൊമാൻ്റിക് കോമഡി ചിത്രമായ ‘ഗീത ഗോവിന്ദം’ത്തിൽ റൊമാന്റിക് ഹീറോയായിട്ടാണ് വിജയ് പ്രത്യക്ഷപ്പെട്ടത്. പരശുറാം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ നായിക കഥാപാത്രത്തെ രശ്മിക മന്ദാന അവതരിപ്പിച്ചു. 5 കോടി മുതൽ മുടക്കി ഒരുക്കിയ ചിത്രം 132 കോടിയാണ് കളക്ഷൻ നേടിയത്. അടുത്ത ചിത്രം ആനന്ദ് ശങ്കർ സംവിധാനം ചെയ്ത തമിഴ് പൊളിറ്റിക്കൽ ത്രില്ലർ ‘നോട്ട’. 2018 ഒക്ടോബർ 5ന് റിലീസ് ചെയ്ത ഈ ചിത്രം പ്രതീക്ഷിച്ച വിജയം ബോക്സ് ഓഫീസിൽ നേടിയില്ല. വരുൺ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചത്. പരശുറാം തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഫാമിലി സ്റ്റാർ’ൽ മൃണാൽ താക്കൂറിനൊപ്പവും വിജയ് എത്തി. 2024 ഏപ്രിൽ 5നാണ് ചിത്രം റിലീസ് ചെയ്തത്.
ഭരത് കമ്മയുടെ സംവിധാനത്തിൽ 2019 ജൂലൈ 26 ന് റിലീസ് ചെയ്ത ‘ഡിയർ കോമ്രേഡ്’ എന്ന റൊമാൻ്റിക് ആക്ഷൻ ചിത്രത്തിലൂടെ രശ്മിക മന്ദാനയ്‌ക്കൊപ്പം വിജയ് വീണ്ടുമെത്തി. ഇതോടെ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും മികച്ച പ്രണയ ജോഡികളാണെന്ന് പ്രേക്ഷകർ വിധിയെഴുതി.
2020 ഫെബ്രുവരി 14ന് റിലീസ് ചെയ്ത ക്രാന്തി മാധവ് ചിത്രം ‘വേൾഡ് ഫേമസ് ലവർ’ൽ രാശി ഖന്ന, കാതറിൻ ട്രീസ, ഐശ്വര്യ രാജേഷ്, ഇസബെല്ലെ ലെയ്‌റ്റ് എന്നിവർക്കൊപ്പം വിജയ് അഭിനയിച്ചു. 2023 സെപ്റ്റംബർ 1ന് പ്രദർശനത്തിനെത്തിയ ‘കുശി’യിൽ സാമന്തയുടെ നായകനായെത്തി. ശിവ നിർവാണ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സിൻ്റെ പ്രൊഡക്ഷൻ ബാനറിൽ നവീൻ യേർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ദക്ഷിണേന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. 1989 മെയ് 9നാണ് താരം ജനിച്ചത്. തെലങ്കാനയാണ് സ്വദേശം. അച്ഛൻ ഗോവർദ്ധൻ റാവു, അമ്മ മാധവി, സഹോദരൻ ആനന്ദ് ദേവരകൊണ്ട. പത്താം ക്ലാസ് വരെ പുട്ടപർത്തിയിലെ ശ്രീ സത്യസായി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടി. ശേഷം ഹൈദരാബാദിലെ ലിറ്റിൽ ഫ്ലവർ ജൂനിയർ കോളേജിൽ ഇൻ്റർമീഡിയറ്റ് പഠിച്ചു. പിന്നീട് ബദ്രുക കോളേജ് ഓഫ് കൊമേഴ്‌സ് & ആർട്‌സിൽ നിന്ന് ബാച്ചിലർ ഓഫ് കൊമേഴ്‌സിൽ ബിരുദം നേടി. പഠനത്തിന് ശേഷം നാടകങ്ങളിലൂടെയാണ് വിജയ് മുഖ്യധാരയിലേക്ക് വരുന്നത്. ഇന്ന് വൻ തുക പ്രതിഫലം വാങ്ങുന്ന വിജയിക്ക് സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളുമുണ്ട്. സ്റ്റാർഡം ഉണ്ടെങ്കിലും സാധാരണക്കാരനെ പോലെ ജീവിക്കാനാണ് താരം ഇഷ്‌ടപ്പെടുന്നുത്.
അവാർഡുകളുമായ് യാതൊരു തരത്തിലുമുള്ള ആത്മബന്ധവും വച്ചുപുലർത്താത്ത വ്യക്തിയാണ് വിജയ് ദേവരകൊണ്ട. ലഭിച്ച രണ്ട് അവാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. അർജുൻ റെഡ്ഡി സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയ്ക്കാണ് ഈ അവാർഡുകളിൽ ഒന്ന് നൽകിയത്. ലേലം ചെയ്ത അവാർഡിലൂടെ നല്ലൊരു തുകയും വിജയ് കൈപ്പറ്റി.
കിംഗ് ഓഫ് ഹിൽ എൻ്റർടെയ്ൻമെൻ്റ് എന്ന തന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനി 2019-ലാണ് വിജയ് ആരംഭിച്ചത്. ‘മീകു മാത്രം ചെപ്ത’ (2019), ‘പുഷ്പക വിമാനം’ (2021) എന്നീ ചിത്രങ്ങൾ ഈ കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചത്. സിനിക്ക് പുറമെ ഫാഷനും ഇഷ്ടപ്പെടുന്ന താരം തൻ്റെ സ്വന്തം ഫാഷൻ ബ്രാൻഡായ ‘റൗഡി വെയർ’ന് 2020ൽ തുടക്കമിട്ടു.