ദുബൈ: ഗൾഫ് മേഖലയിൽ കേരള സിലബസ് പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് 88.03ശതമാനം വിജയം. 568പേർ പരീക്ഷ എഴുതിയതിൽ 500പേർ ഉപരിപഠനത്തിന് അർഹത നേടി. 81പേർക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടാനും സാധിച്ചു. യു.എ.ഇയിലെ എട്ട് സ്കൂളുകളിലാണ് ഗൾഫിൽ സെന്ററുകളുണ്ടായിരുന്നത്. അതിനു പുറമെ ഓപൺ സ്ട്രീമിൽ പരീക്ഷക്കിരുന്ന 16പേരും വിജയിച്ചിട്ടുണ്ട്. ഇവരിൽ മൂന്നുപേർക്ക് ഫുൾ എപ്ലസും കൈവരിക്കാനായി.
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ നൂറുശതമാനം വിജയം കരസ്ഥമാക്കി. ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ(98.92), ഗൾഫ് മോഡൽ സ്കൂൾ ദുബൈ(65.38), മോഡൽ സ്കൂൾ അബൂദബി(99.20), ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ് റാസൽഖൈമ(80.65), ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽഖുവൈൻ(79.73), ഇന്ത്യൻ സ്കൂൾ ഫുജൈറ(90), ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ അൽഐൻ(82.61) എന്നിങ്ങനെയാണ് യു.എ.ഇയിലെ മറ്റു സ്കൂളുകളിലെ വിജയ ശതമാനം.
മലയാളികളെ കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിവിധ രാജ്യക്കാരും കേരള സിലബസില്‍ വിവിധ സ്കൂളുകളിൽ പരീക്ഷ എഴുതിയവരിൽ ഉൾപ്പെടും. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും രക്ഷിതാക്കളെയും വിവിധ സ്കൂള്‍ മാനേജ്മെന്റുകൾ അഭിനന്ദനമറിയിച്ചു.