തിരുവനന്തപുരം : ലോക പ്രശസ്ത ബിസിനസ് അവാര്‍ഡായ ‘ദ സ്റ്റീവി അവാര്‍ഡ്സ് ഫോര്‍ സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് 2024’ ല്‍ രണ്ടാം തവണയും അലിയാന്‍സ് സര്‍വീസസ് ഇന്ത്യ ‘ഗ്രാന്‍ഡ് സ്റ്റീവി അവാര്‍ഡ്’ കരസ്ഥമാക്കി. കൂടാതെ വാര്‍ഷിക പരിപാടിയില്‍ 19 മെഡലുകളും സ്വന്തമാക്കി.
വ്യവസായ രംഗത്തെ അംഗീകാരത്തിനുള്ള പരമോന്നത ബഹുമതിയാണ് ആഗോള ബിസിനസ് അവാര്‍ഡ്. വ്യവസായ മികവും വില്‍പനയിലും ഉപഭോക്ത്യ സേവനങ്ങളിലും കൈവരിച്ചിട്ടുള്ള നേട്ടങ്ങളെയും പരിഗണിച്ചാണിത്. ഗ്രാന്‍ഡ് സ്റ്റീവി അവാര്‍ഡിന് പുറമേ ആറ് സ്വര്‍ണവും ആറ് വെള്ളിയും ഏഴ് വെങ്കലവും കമ്പനി കരസ്ഥമാക്കി.
അത്യന്തം മത്സരാധിഷ്ഠിതമായ സ്റ്റീവി അവാര്‍ഡില്‍ കമ്പനിക്ക് അംഗീകാരം നേടാനായത് വലിയ ബഹുമതിയാണെന്ന് അലിയാന്‍സ് സര്‍വീസസിന്‍റെ ഇന്ത്യ, മൗറീഷ്യസ്, മൊറോക്കോ എന്നിവയുടെ ചീഫ് ഡെലിവറി ഓഫീസറും അലിയാന്‍സ് സര്‍വീസസ് ഇന്ത്യ എംഡിയും സിഇഒയുമായ ജിസണ്‍ ജോണ്‍ പറഞ്ഞു.
സെയില്‍സ്, ഉപഭോക്ത്യ സേവന രംഗത്ത് രണ്ടാം തവണയും ഗ്രാന്‍ഡ് സ്റ്റീവി അവാര്‍ഡ് ലഭിക്കുന്നത് തങ്ങളുടെ മികവിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും അക്ഷീണ പരിശ്രമത്തിന്‍റെയും തെളിവാണ്. അഭിമാനകരമായ ഈ നേട്ടം ഞങ്ങളുടെ ടീമിന്‍റെ പ്രതിബദ്ധതയെയും സേവന സന്നദ്ധതയെയും ഉയര്‍ത്തിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.
പ്രശസ്തമായ അമേരിക്കന്‍ ബിസിനസ് അവാര്‍ഡ്, ഇന്‍റര്‍നാഷണല്‍ ബിസിനസ് അവാര്‍ഡ് എന്നിവയടക്കം ലോകത്തിലെ ഒമ്പത് പ്രമുഖ ബിസിനസ് അവാര്‍ഡ് പരിപാടികളില്‍ സ്റ്റീവി അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നുണ്ട്. നെവാഡയിലെ ലാസ് വെഗാസിലെ ബെല്ലാജിയോയില്‍ ലോകമെമ്പാടുമുള്ള 400 ലധികം പ്രൊഫഷണലുകള്‍ പങ്കെടുത്ത ആഘോഷ ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. 2,300 ലധികം നോമിനേഷനുകള്‍ മത്സരത്തിന് ലഭിച്ചിരുന്നു.
അലിയാന്‍സ് സര്‍വീസസിന്‍റെ ഭാഗമായ അലിയാന്‍സ് സര്‍വീസസ് ഇന്ത്യ, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, മുംബൈ, പൂനൈ എന്നിവിടങ്ങളിലായി 4000 ത്തിലധികം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്നു.