ചൂടു കൂടുന്ന ഈ അവസ്ഥയിൽ മനുഷ്യൻ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പല രോഗങ്ങളും വ്യാപിക്കുന്ന അവസരത്തിൽ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
വയറിളക്കം, പലതരം പനികൾ, ത്വക്ക് രോഗങ്ങൾ, നിർജലീകരണം, കണ്ണിൽ അസുഖങ്ങൾ, തലകറക്കം, ക്ഷീണം, ശ്വാസകോശരോഗങ്ങൾ, അലർജി, സൂര്യാഘാതം എന്നിങ്ങനെ ചൂടു കാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല. ചൂട് കാലത്തെ ഭക്ഷണകാര്യത്തിൽ ആദ്യം ശ്രദ്ധ വേണ്ടത് എന്ത് കഴിക്കുന്നു എന്ന കാര്യത്തിലാണ്.
വളരെ വേഗം ദഹിക്കുന്ന ആഹാരമാണ് വേനലിൽ കഴിക്കേണ്ടത്. കഞ്ഞി, പഴങ്ങൾ, പഴച്ചാറുകൾ, ധാരാളം ഇലക്കറികൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആഹാരം ചെറിയ അളവിൽ പല തവണകളായി കഴിക്കുന്നതാണ് ഉത്തമം.
ഇവ നിർബന്ധമായും കഴിക്കുക
- വൈറ്റമിൻ സി അടങ്ങിയ പഴവർഗങ്ങൾ (ഓറഞ്ച്, മുന്തിരി, നാരങ്ങ, പൈനാപ്പിൾ, തണ്ണിമത്തൻ, മുസംബി, മാങ്ങ, സ്ട്രോബെറി) ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- വാഴപ്പഴം ശരീരത്തിന്റെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.
- സോയാബീൻ, പയർ, പരിപ്പ് വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- മൈക്രോഗ്രീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം
- ധാരാളം പച്ചക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കുക (വെള്ളരിക്ക, തക്കാളി, മത്തൻ, കുമ്പളങ്ങ, പടവലങ്ങ, പാവയ്ക്ക, കോവയ്ക്ക, ബീൻസ്, കാരറ്റ് ഇവ ധാരാളം ഉൾപ്പെടുത്തുക)
ശരീരം തണുപ്പിക്കാൻ കുടിക്കേണ്ടത് ഇവ
- നാരങ്ങാവെള്ളം ചെറിയ അളവിൽ ഉപ്പും പഞ്ചസാരയും ചേർത്ത് കുടിക്കുക. ശരീരത്തിനു വളരെ നല്ലതാണ്, ക്ഷീണവും പെട്ടെന്നു മാറും.
- ചെറുചൂടുവെള്ളം ധാരാളം കുടിക്കുവാൻ ശ്രദ്ധിക്കുക (കുറഞ്ഞത് 14–16 ഗ്ലാസ്സ്) ദഹനം ശരിയായ രീതിയിൽ നടക്കുന്നതിനും ത്വക്കിന്റെ വിളർച്ച തടയാനും ചെറുചൂടുവെള്ളമാണ് ഏറ്റവും നല്ലത്.
- തൈര്, ഫ്രഷ് ജ്യൂസ്, മോര്, കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ഒഴിവാക്കേണ്ടത്
- മാംസാഹാരങ്ങൾ കഴിവതും ഒഴിവാക്കുക
- മാംസം, എണ്ണ ഇവ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
- സോഫ്റ്റ് ഡ്രിങ്ക്സ്, കാർബണേറ്റഡ് ഡ്രിങ്ക്സ്, ചായ, കാപ്പി, പായ്ക്കറ്റ് ഫുഡ്, ഫ്രൈഡ് ഫുഡ് എന്നിവ ഒഴിവാക്കുക.
മദ്യം പൂർണമായും ഒഴിവാക്കുക. - പഴകിയ ഭക്ഷണം, ഫ്രിജിൽ വച്ചിരുന്ന ഭക്ഷണം ഇവ ഒഴിവാക്കുക.
- പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. വലിച്ചുവാരി കഴിക്കാതിരിക്കുക. മിതത്വം പാലിക്കുക.