തെക്കന്‍ ബ്രസീലില്‍ പത്തു ദിവസമായി തുടരുന്ന വെള്ളപ്പൊക്കത്തില്‍ വിറങ്ങലിച്ച് റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനം. ഇതുവരെ 107 പേര്‍ മരിക്കുകയും 136 പേരെ കാണാതാവുകയും ചെയ്ത വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി സിവില്‍ ഡിഫന്‍സ് വകുപ്പ് അറിയിച്ചു. ബ്രസീലിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ ഈയടുത്ത ദിവസങ്ങളില്‍ വീശിയടിച്ച കൊടുങ്കാറ്റിനെത്തുടര്‍ന്ന് 1,64,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
വെള്ളപ്പൊക്കത്തില്‍ റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായതിനാല്‍ തെക്കന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 372 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തെ 497 നഗരങ്ങളില്‍ 417-ലുമായി രണ്ടു ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാന വിമാനത്താവളം വെള്ളത്തിനടിയിലായതോടെ വ്യോമ ഗതാഗതം താറുമാറായി. ഒരു മാസം കൊണ്ട് മാത്രമെ വിമാനത്താവളം പൂര്‍ണ്ണസജ്ജമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഉണ്ടായതെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി. ഉറുഗ്വേയുടെയും അര്‍ജന്റീനയുടെയും അതിര്‍ത്തി പ്രദേശത്തിലാണ് റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സ്ഥിതി ചെയ്യുന്നത്.
ബ്രസീല്‍ സൈന്യവും, എമര്‍ജന്‍സി ടീമും, മാനേജ്മെന്റ് ഏജന്‍സികളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് രക്ഷാബോട്ടുകളും ഉപയോഗിച്ച് ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. റിയോ ഗ്രാന്‍ഡെ ഡോ സുളിന്റെ തലസ്ഥാന നഗരമായ പോര്‍ട്ടോ അലെഗ്രെയില്‍, നിരവധി ജല പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ ജനസംഖ്യയുടെ 80 ശതമാനത്തിനും കുടിവെള്ളം ലഭ്യമല്ല. ആശുപത്രികളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും ജലലഭ്യത ഉറപ്പാക്കാന്‍ പ്രാദേശിക ഭരണകൂടം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. തകരാറിലായ വൈദ്യൂതി സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നു വരുന്നു.
ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, റിയോ ഗ്രാന്‍ഡെ ഡോ സുളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സഹായ പാക്കേജുകള്‍ പ്രഖ്യാപിച്ചു. കടുത്ത വെള്ളപ്പൊക്കത്തിനിടയിലും നഗര പ്രദേശങ്ങളില്‍ കള്ളന്മാരും ക്രിമിനലുകളും വിലസുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പോര്‍ട്ടോ അലെഗ്രെയില്‍, ബോട്ടുകളും ജെറ്റ് സ്‌കീസും ഉപയോഗിച്ച് പോലീസ് സുരക്ഷാ പട്രോളിംഗ് നടത്തുന്നുണ്ട്. 15,000 സൈനികരും അഗ്‌നിശമന സേനാംഗങ്ങളും പോലീസും സന്നദ്ധ പ്രവര്‍ത്തകരും ആളുകളെ രക്ഷിക്കുന്നതിനും സഹായങ്ങള്‍ എത്തിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്നു. റിയോ ഗ്രാന്‍ഡെ ഡോ സുളിലെ വെള്ളപ്പൊക്കത്തില്‍ 1.49 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
ഇനിയും മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയോളജിയുടെ പ്രവചന പ്രകാരം ഒരാഴ്ചയ്ക്കുള്ളില്‍ 300 മില്ലിമീറ്ററിലധികം മഴ പെയ്യുമെന്ന് അറിയിച്ചു. 2023 ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ഒരു വര്‍ഷത്തിനിടെ റിയോ ഗ്രാന്‍ഡെ ഡോ സുള്‍ കാണുന്ന നാലാമത്തെ പ്രകൃതി ദുരന്തമാണിത്.
ഇതിനു പുറമെ കൊടുങ്കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം തള്ളിക്കളയുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച, പോര്‍ട്ടോ അലെഗ്രെ ഭരണകൂടംപ്രദേശത്ത് ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിറുത്തിവെയ്ക്കാന്‍ അറിയിപ്പു നല്‍കിയിരുന്നു.