KSRTC ജീവനക്കാരുടെ നരക ജീവിതത്തെ കുറിച്ച് അന്വേഷണം ന്യൂസ് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തിരുവല്ല ബസ്റ്റാന്റില്‍ സ്റ്റേ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ റെസ്റ്റ് റൂമിന്റെ ഗതികെട്ട അവസ്ഥയായിരുന്നു വാര്‍ത്തയ്ക്കാധാരം. ഈ വാര്‍ത്ത കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസില്‍ ചര്‍ച്ചയായി. ഇതേ തുടര്‍ന്ന് വാര്‍ത്തയെ കുറിച്ച് അറിയാന്‍ KSRTC ചീഫ് ഓഫീസില്‍ നിന്നും വിളിവന്നു. പൊട്ടിത്തകര്‍ന്ന ബാത്ത് റൂമും, കാലെടുത്തു വെയ്ക്കാന്‍ കഴിയാത്ത ശുചിമുറിയും, കറങ്ങാത്ത ഫാനും, വെള്ളമില്ലാത്ത ടാപ്പുമൊക്കെയുള്ള റെസ്റ്റ് റൂം ഏത് ബസ്റ്റാന്റിലാണ് ഉള്ളതെന്നായിരുന്നു ചോദ്യം.
വാര്‍ത്തയ്ക്കാധാരമായ സ്ഥലവും വിവരങ്ങളും KSRTC അധികൃതര്‍ക്കു കൈമാറുകയും ചെയ്തു. ഈ അവസ്ഥ വേഗത്തില്‍ പരിഹരിക്കാനുള്ള നീക്കം നടത്തുമെന്നാണ് ചീഫ് ഓഫീസില്‍ നിന്നു ലഭിച്ച ഉറപ്പ്. പക്ഷെ, കഴിഞ്ഞവര്‍ഷം അഞ്ചുലക്ഷം രൂപ മുടക്കി KSRTCയുടെ കേരളത്തിലെ എല്ലാ റെസ്റ്റ് റൂമുകളും നവീകരിക്കുകയോ, അറ്റകുറ്റ പണികള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്. കൃത്യമായി പരിപാലിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയാത്തതാണ് വീണ്ടും മോശം അവസ്ഥയിലേക്ക് പോകാന്‍ കാരണമായതെന്നാണ് ചീഫ് ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
എന്തായാലും സ്റ്റേ ഡ്യൂട്ടി ചെയ്യുന്നവരോ, KSRTCയിലെ മറ്റു ജീവനക്കാരോ ഇത്തരം സാമൂഹ്യവിരുദ്ധ പരിപാടികള്‍ ചെയ്യില്ലെന്നുറപ്പാണ്. പിന്നെ, അവിടുത്തെ ഉപകരണങ്ങളുടെ കാലപ്പഴക്കം, റെസ്റ്റ് റൂമുകള്‍ കണ്ടാല്‍ മനസ്സിലാകും. അപ്പോള്‍ അതിനുള്ളിലെ ശുചിമുറിയും ഫാനും, ബള്‍ബുമെല്ലാം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പിന്നെ പാറ്റ, എലി, പൂച്ച, പട്ടി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ താമസിക്കുന്ന ഇടവുമാണ്. ഇനി അഥവാ മനസ്സിലാകുന്നില്ലെങ്കില്‍ കേരളത്തിലെ ചില ബസ്റ്റാന്റുകളിലെ സ്റ്റേ റെസ്റ്റ് റൂമുകളുടെ അവസ്ഥ കൂടി പറയാം.
അവ ഏതൊക്കെയാണെന്ന് ഈ വാര്‍ത്തയില്‍ നിന്നും മനസ്സിലാകും. സ്റ്റേ റെസ്റ്റ് റൂമുകള്‍ നവീകരിക്കാന്‍ KSRTC ചീഫ് ഓഫീസിലെ വെല്‍ഫെയര്‍ സെക്ഷന് താല്‍പ്പര്യമുണ്ടെങ്കില്‍ ഈ സ്ഥലങ്ങളിലെ റെസ്റ്റ് റൂമുകള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ ജീവനക്കാര്‍ക്ക് വലിയ ആശ്വാമാകും. കൊല്ലം, ആലപ്പുഴ, ഗുരുവായൂര്‍, ചെങ്ങന്നൂര്‍, വിഴിഞ്ഞം, ആറ്റിങ്ങല്‍, കോട്ടയം, ആലുവ, എറണാകുളം, മല്ലപ്പള്ളി, മൂവാറ്റുപുഴ, പാലക്കാട്, ചടയമംഗലം, കായംകുളം, ചേര്‍ത്തല, കോഴിക്കോട്, റാന്നി എന്നിവിടങ്ങളിലെ സ്റ്റേ റൂമുകളാണ് അതി ദയനീയമായി കിടക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉറങ്ങാതെ നേരം വെളുപ്പിക്കുന്ന സ്റ്റേ റൂമുകള്‍ വരെയുണ്ട്. മദ്യപിച്ചാല്‍ ഊതിക്കാന്‍ എത്തുന്നവരെ കുറ്റം പറയുകയല്ല. മദ്യപാനം മാത്രമല്ല, അവരുടെ ഉറക്കം, ഭക്ഷണം, ആരോഗ്യം എല്ലാം KSRTCയുടെ വരുമാനത്തെയും യാത്രക്കാരെയും ബാധിക്കുന്നവയാണ്. ഇവിടങ്ങളില്‍ താമസിച്ച് ദുരിതം അനുഭവിച്ചവര്‍ തന്നെ പറുന്നത് കേള്‍ക്കൂ: കോഴിക്കോട് കൊതുകും എ.സി ബസില്‍ മൂട്ട ശല്യവും. കോട്ടയത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചെങ്ങന്നൂര്‍ സ്വര്‍ഗം.
അപ്പോള്‍ കോട്ടയത്തിന്റെ അവസ്ഥ ആലോചിച്ചു നോക്കാനേ പറ്റില്ലെന്നു സാരം. ആലുവയില്‍ ഒരു ബസ് മാത്രമുണ്ട്, എസി. ഇല്ല. എല്ലാ സ്ഥലത്തും കണക്കാണെന്നാണ് ഒരു ജീവനക്കാരന്റെ പരാതി. KSRTCയുടെ പഴയ ബില്‍ഡിംഗുള്ള എല്ലാ ഡിപ്പോയിലും സ്‌റ്റേ റൂം ദയനീയമാണ്. എറണാകുളം സ്‌റ്റേ റൂം കണ്ടാല്‍ ഭീകരം. പാലക്കാട് രണ്ട് എ.സി സ്റ്റാഫ് സ്ലീപ്പര്‍ ബസുകള്‍ ഉണ്ടെങ്കിലും ഡിപ്പോയിലെ കറണ്ട് ചാര്‍ജ്ജ് കുറയ്ക്കാന്‍ വേണ്ടി രണ്ടിലെയും വൈദ്യുതി കട്ട് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോയപ്പോള്‍ രണ്ടിലും വൈദ്യുതിയില്ല. പുതിയ ബില്‍ഡിംഗില്‍ സ്റ്റേറൂമും ഇല്ല. അങ്ങനെ ഉറങ്ങാതെ പുറത്തിരുന്ന് നേരം വെളുപ്പിച്ച് തിരിച്ചു വരേണ്ടി വന്നു. ഒരുപോള കണ്ണടയ്ക്കാതെ ബസ് ഓടിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് ചീഫ് ഓഫീസിലിരുന്ന് ചിന്തിച്ചാല്‍ മനസ്സിലാകുമോ. ഗുരുവായൂരിലെ മോശം അവസ്ഥ KSRTC എം.ഡി. നേരിട്ടു കണ്ടതാണ്. എല്ലാം ശരിയാക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
എന്താകുമോ എന്തോ എന്നാണ് ഒരു ഡ്രൈവറുടെ പരിഭവം. റാന്നിയിലാണെങ്കില്‍ രണ്ട് ബെര്‍ത്തുണ്ട്. ബാത്ത്‌റൂം സൗകര്യമില്ല. മിക്ക ഇടങ്ങളിലും ജീവനക്കാരുടെ ‘കൈ താന്‍ ഫാന്‍’ എന്നൊരു ആക്ഷേപവും ഉണ്ട്. ഇതെല്ലാം ഒന്ന് പരിഹരിച്ചു കൊടുക്കാന്‍ കനിവുണ്ടാകുമെന്ന പ്രതീക്ഷ ജീവനക്കാര്‍ക്ക് വല്ലാതെയുണ്ട്. അവരെ നിരാശരാക്കരുത്.