മസ്കത്ത്: ഗൾഫ് മേഖലയിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കമടക്കമുള്ള തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് എ.ഐ പരിഹാരം കണ്ടെത്താനൊരുങ്ങി മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എംബിസെഡ്‌യുഎഐ) MBZUAI. കാലാവസ്ഥാ വ്യതിയാനം നേരിടാനുതകുന്ന നഗര ആസൂത്രണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എങ്ങനെ പരിഹാരം നൽകുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അന്വേഷിക്കുന്നത്.
ഏപ്രിൽ 16ന് ഗൾഫ് മേഖലയിലുടനീളം അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് പഠനം. കമ്പ്യൂട്ടർ വിഷൻ അസോസിയേറ്റ് പ്രൊഫസർ ഡോ. സൽമാൻ ഖാന്റെ നേതൃത്വത്തിലുള്ള MBZUAI ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ഒരു സംഘമാണ് എ.ഐ, കമ്പ്യൂട്ടർ വിഷൻ ടെക്‌നിക്കുകൾ സംയോജിപ്പിച്ച് വെള്ളപ്പൊക്കം വിലയിരുത്തുന്നതിനുള്ള ഒരു ഓട്ടോമേറ്റഡ് സാറ്റലൈറ്റ് ഡാറ്റ വിശകലനം സൃഷ്ടിച്ചിരിക്കുന്നത്.
ദുബൈയിലെ പാം, അബൂദബിയിലെ മുസഫ ഏരിയ, ഒമാനിലെ അൽബുറൈമി മേഖല എന്നിങ്ങനെ മൂന്ന് കേസുകളാണ് പഠനത്തിന് ഉപയോഗിച്ചത്. കൊടുങ്കാറ്റിനു മുമ്പും ശേഷവുമുള്ള വിദൂര ചിത്രങ്ങൾ താരതമ്യം ചെയ്യാൻ ഗവേഷകർ ലഭ്യമായ സ്‌പേഷ്യൽ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചു. കനത്ത മഴയുടെ ആഘാതം ദ്രുതഗതിയിൽ വിലയിരുത്തുന്നതിന് പ്രാദേശിക മുനിസിപ്പാലിറ്റികൾക്കും അധികൃതർക്കും ഉപയോഗപ്രദമായ കാലാവസ്ഥാ വ്യതിയാനം തിരിച്ചറിയാനുള്ള ഉപകരണം നൽകാനാണ് പഠനം ലക്ഷ്യമിടുന്നത്.