തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഡ്രൈവര്‍ യദുവിനെ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യൽ തുടരുന്നു.
മെമ്മറി കാര്‍ഡ് നഷ്ടമായ കേസില്‍ കണ്ടക്ടറെയും സ്റ്റേഷന് മാസ്റ്ററെയും രാവിലെ മുതല്‍ ചോദ്യം ചെയ്യുകയാണ്. തമ്പാനൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കേസില്‍ നിര്‍ണായക ചോദ്യംചെയ്യവലുകള്‍ നടന്നുവരികയായിരുന്നു. വൈകീട്ടോടെയാണ് യദുവിനെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷന് മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണിത്.
തര്‍ക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നല്കാന് യദു കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറകളില്ല. എന്നാല്‍, ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതുസംബന്ധിച്ച് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബസില്‍ കയറി യദു മെമ്മറി കാര്‍ഡ് മോഷ്ടിച്ചിട്ടുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഇത് ദൂരീകരിക്കാനാണ് നീക്കം.
മെമ്മറി കാര്‍ഡ് കാണാതായതില്‍ തനിക്ക് പങ്കില്ലെന്ന് കണ്ടക്ടർ മൊഴി നൽകി. തർക്കത്തിനു ശേഷം കണ്ടക്ടര്‍ സിസിടിവി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ സിസിടിവിയില്‍ നോക്കുക മാത്രമാണ് ചെയ്തതെന്നാണ് കണ്ടക്ടറുടെ മൊഴി.
ഡ്രൈവർ യദുവിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് പറയുന്നു. ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.