ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങങ്ങളുടെ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി കോടതി ഡൽഹി റൗസ് അവന്യു കോടതി. ലൈംഗിക പീഡന കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.
വനിതാ താരങ്ങൾ നൽകിയ ആറു കേസുകളിൽ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ആറാമത്തെ ഗുസ്തി താരത്തിന്റെ കേസിൽ ബ്രിജ് ഭൂഷണെതിരെ കുറ്റമില്ല. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.
ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഐപിസി 354 (സ്ത്രീകളുടെ അന്തസ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രത്തിലുള്ളത്.
ബ്രിജ് ഭൂഷൺ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും ബാധ്യസ്ഥനാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തങ്ങൾക്കു നേരെ അശ്ലീല ആംഗ്യവും കാണിച്ചതായി കേസിലെ സാക്ഷികൾ പറഞ്ഞതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണിനെതിരേ വന്‍ പ്രതിഷേധമായിരുന്നു കഴിഞ്ഞവര്‍ഷം നടന്നത്. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ഡൽഹി കോടതിയുടെ ഉത്തരവിനോട് പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്. വിജയത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്പാണ് ഇതെന്നാണ് ഒളിമ്പിക് വെങ്കല മെഡൽ ജേതാവുകൂടിയായ സാക്ഷിയുടെ പ്രതികരണം.
” കേസ് ശരിയായ രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ഇരകൾക്ക് നീതി ലഭിക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും സാക്ഷി മാലിക് പറഞ്ഞു. തീർച്ചയായും ഇത് വിജയത്തിലേക്കുള്ള ചുവടുവയ്പ്പാണ്. അന്തിമ നീതി ലഭിക്കുന്നതുവരെ ഞങ്ങൾ ഈ പോരാട്ടം തുടരും,” സാക്ഷി മാലിക് തൻ്റെ ആദ്യ പ്രതികരണത്തിൽ പറഞ്ഞു. യുവ വനിതാ ഗുസ്തി താരങ്ങളുടെ ഭാവി തലമുറയെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നും സാക്ഷി കൂട്ടിചേർത്തു.