തിരുവനന്തപുരം: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമാണ് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്നും വിലയിരുത്തുവാൻ സാധിക്കുന്നത് എന്ന് എൻസിപി കേരള ഘടകം. ബി ജെ പി യുടെ ശക്തി കേന്ദ്രങ്ങളിലുണ്ടാകുന്ന തിരിച്ചടി ഏറ്റവും വലിയ ഒറ്റപ്പാർട്ടിയാകാനുള്ള ബിജെപി യുടെ മോഹങ്ങൾക്ക് വിഘാതമാകുമെന്നും എൻ സി പി സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ പറഞ്ഞു. തിരുവനന്തപുരം ജില്ല ജനറൽ ബോഡി ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷക്കാലത്തെ ബിജെപി യുടെ ദുർഭരണത്തിന് ബദലായി ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണി ഉയർന്ന് വരണമെന്ന് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു. രാജ്യമെക്കാലവും ഉയർത്തിപ്പിടിച്ചിരുന്ന നാനാത്വത്തിൽഏകത്വവും മതേതരത്വവും തകരുന്നത് ജനങ്ങൾ വളരെ ഉൽഘണ്ടയോടെയാണ് വീക്ഷിക്കുന്നത്.
ഒരിക്കൽ കൂടി മോദി ഭരണത്തെ പരീക്ഷിക്കുവാൻ ഇന്ത്യയിലെ ജനങ്ങൾ ഭയപ്പെടുന്നു എന്നത് യാഥാർത്ഥ്യമാണ്. എൻസിപി മഹാരാഷ്ട്രാ ഘടകം ശരത് പവാറിൻ്റെ നേതൃത്വത്തിൽ കൂടുതൽ ശക്തി പ്രാപിക്കുകയാണ്. എൻസിപി കോൺഗ്രസിൽ ലയിക്കും എന്ന വാർത്തക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പി സി ചാക്കോ പറഞ്ഞു.
ബിജെപി യെ തോൽപിക്കുവാൻ കോൺഗ്രസുമായി സന്ധിചെയ്യുമ്പോഴും അഭ്യന്തരജനാധിപത്യം ഉയർത്തിപ്പിടിക്കുകയെന്നതാണ് എൻസിപിയുടെ ലക്ഷ്യം. അതിനു പ്രസക്തി ഉള്ളിടത്തോളം കാലം എൻസിപി അതിൻ്റെ വ്യക്തിത്വം നിലനിർത്തും. കേരളത്തിൽ LDF പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടുമെന്നും പി സി ചാക്കോ പറഞ്ഞു.