Crime

കോഴിക്കോട്ട് പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

കോഴിക്കോട്​: കോഴിക്കോട്ട് പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തിൽ മകൻ അറസ്റ്റിൽ. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് (61) മകൻ അക്ഷയ് ദേവിന്‍റെ (28) മർദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് ദേവിനെ ബാലുശ്ശേരി സി.ഐ. മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് പരിക്കേറ്റ നിലയിൽ ദേവദാസനെ മകൻ ബാലുശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചത്. അന്നു തന്നെ ദേവദാസ് മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മകൻ അക്ഷയ് ദേവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനെ തുടർന്നാണ് പിതാവിനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച വിവരം പുറത്തറിഞ്ഞത്. കുറ്റം സമ്മതിച്ച അക്ഷയ് ദേവിനെ ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.