Crime

എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

കോഴിക്കോട്: മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വില്ല്യാപ്പള്ളി മയ്യന്നൂര്‍ കോറോത്ത് കുനിയില്‍ കെ.കെ നൗഫല്‍(39), വൈക്കിലശ്ശേരി പനയുള്ളതില്‍ മുഹമ്മദ് ജുനൈദ്(41) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

വടകര എന്‍ഡിപിഎസ് കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി പ്രതികള്‍ കഠിനതടവ് അനുഭവിക്കണം.

2022 ഡിസംബര്‍ 31നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലഹരി ഉപയോഗം തടയുന്നതിന് പൊലീസും എക്‌സൈസ് സംഘവും പരിശോധന കര്‍ശനമാക്കിയിരുന്നു. ഇരിട്ടി വിളമന വളവുപാറ കച്ചേരി പാലത്തിന് സമീപം കൂട്ടുപുഴ-ഇരിട്ടി റോഡില്‍ വെച്ചാണ് ഇരുവരെയും 51.16 ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എം. ജിജില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.