ഹൈദരാബാദ്: കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ട് പാകിസ്ഥാന് ചെയ്യുന്ന വോട്ട് പോലെയാണെന്ന് പ്രസംഗിച്ചതിന് നടിയും ബിജെപി നേതാവുമായ നവനീത് റാണയ്‌ക്കെതിരെ കേസെടുത്ത് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഹൈദരാബാദിലെ ഷാദ്‌നഗര്‍ പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥി മാധവിലതയ്‌ക്ക് വേണ്ടിയുള്ള പ്രചാരണയോഗത്തിലാണ് അമരാവതി എംപി കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രകോപിപ്പിച്ച പ്രസംഗം നടത്തിയത്. മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്നു കാണിച്ച് തെരഞ്ഞടുപ്പ് കമീഷൻ ഫ്ളയിങ് സ്ക്വാഡ് അംഗമായ കൃഷ്ണമോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാഴാഴ്ചയാണ് നവനീത് വിവാദ പ്രസ്താവന നടത്തിയത്. എ.ഐ.എം.ഐ.എമ്മിനോ കോൺഗ്രസിനോ നൽകുന്ന ഓരോ വോട്ടും നേരിട്ട് പാകിസ്താന് പോകും. ഈ രണ്ടു കക്ഷികളോടും പാകിസ്താൻ പ്രത്യേക താൽപര്യം കാണിക്കുന്നുണ്ട്. മോദിയുടെ തോൽവിയും രാഹുലിന്റെ വിജയവും ഉറപ്പാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പാകിസ്താന്റെ താൽപര്യം അനുസരിച്ചാണ് കോൺഗ്രസ് രാജ്യം ഭരിച്ചത്. അതിനാൽ പാകിസ്താന് അവരോട് പ്രത്യേക താൽപര്യമുണ്ടെന്നും നവനീത് റാണ പറഞ്ഞു.
മഹാരാഷ്ട്രയിലെ അമരാവതിയിൽ ഇത്തവണത്തെ ബി.ജെ.പി സ്ഥാനാർഥി കൂടിയാണ് നവനീത് റാണ. കഴിഞ്ഞയാഴ്ചയും സമാന രീതിയിൽ അവർ വിദ്വേഷ പരാമർശവുമായി രംഗത്തുവന്നിരുന്നു. ഹൈദരാബാദിനെ പാകിസ്താൻ ആകുന്നതിൽനിന്ന് ബി.ജെ.പി സ്ഥാനാർഥി രക്ഷിക്കുമെന്നായിരുന്നു പ്രസ്താവന.