ഡൽഹി: തെരഞ്ഞെടുപ്പ് ഹർജി തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയിൽ. കെ.ബാബുവിന്റെ വിജയം ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളിയതിനെതിരെ അപ്പീല്‍ നല്കി.
തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചിരുന്നു. എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിൽ വിധി പറഞ്ഞത്.
അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് സ്വരാജ് ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹർജി തള്ളിയത്.
തനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പനു ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞ് കെ.ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയില്‍ പറയുന്നത്. വോട്ട് അഭ്യര്‍ഥിച്ചുള്ള സ്ലിപ്പില്‍ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്നും സ്വരാജ് ഹർജിയിൽ പറയുന്നുണ്ട്. ഈ ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്.