തിരുവനന്തപുരം : ഡോക്ടറെ ഔദ്യോഗികവസതിയിലേക്ക് തിരുവനന്തപുരം കളക്ടര്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ ചീഫ്സെക്രട്ടറി റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.യുടെ പരാതിയുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി.
ആരോഗ്യവകുപ്പ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ വ്യക്തതവേണമെന്നും ചീഫ്സെക്രട്ടറി നിര്‍ദേശിച്ചു. കളക്ടര്‍ ജെറോമിക് ജോര്‍ജ് കുഴിനഖത്തിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഔദ്യോഗികവസതിയിലേക്ക് വിളിപ്പിച്ചുവെന്നാണ് പരാതി. ഇത് മൂലം ഒപിയിൽ സാധാരണക്കാരായ രോഗികൾ വലഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് കളക്ടര്‍ ചികിത്സയ്ക്കായി ഡോക്ടറെ വേണമെന്ന് ഡി.എം.ഒ.യോട് ആവശ്യപ്പെട്ടത്. ആദ്യം ആവശ്യം നിരസിച്ച ഡി.എം.ഒ. പിന്നീട് കളക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഒ.പി. നടക്കുന്നതിനിടെ 11 മണിയോടെ ഡോക്ടറും ജീവനക്കാരും ആംബുലന്‍സില്‍ കളക്ടറുടെ വസതിയിലേക്കുപോയി.
ഈ സമയം മുന്നൂറോളം രോഗികള്‍ ഒ.പി.യില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കളക്ടര്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ ഡോക്ടര്‍ ഉള്‍പ്പെട്ട സംഘത്തിന് ഒരു മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നെന്നും ആരോപണമുണ്ട്. കളക്ടര്‍ക്ക് നഖത്തിലെ പഴുപ്പ് വൃത്തിയാക്കിക്കൊടുത്തശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡോക്ടര്‍ക്ക് തിരികെ ആശുപത്രിയിൽ എത്താനായത്.