കിച്ചടി എന്നത് നമ്മള്‍ മലയാളികള്‍ക്ക് വളരെയധികം പരിചയമുള്ള ഒരു പേരാണ്. എന്നാല്‍ കിച്ചടി എന്ന പേരില്‍ അല്‍പം മാറ്റി വരുത്തി ഖിച്ച്ഡി എന്നാക്കുമ്പോള്‍ അതിനോട് അല്‍പം പരിചയക്കുറവ് തോന്നാം. ഇതിന്റെ പേരിനേക്കാള്‍ അതെങ്ങനെ തയ്യാറാക്കും എന്ന ആശങ്കയാണ് നിങ്ങളെ ഈ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ആരോഗ്യത്തിന്റെ കലവറയാണ് എപ്പോഴും ഖിച്ച്ഡി എന്ന കാര്യത്തില്‍ സംശയം വേണ്ട. മസാല ഖിച്ഡി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- 1/2 കപ്പ് അരി
- 1/2 കപ്പ് തൊലി കളഞ്ഞ് കുതിര്‍ത്ത ചെറുപയര്‍പരിപ്പ്
- 1 ഉള്ളി
- 1 തക്കാളി
- 1/2 കാപ്‌സിക്കം
- 1 ചെറിയ ബൗള്‍ ഗ്രീന്‍ പീസ്
- 1 പച്ചമുളക്
- 1 ചെറിയ കാരറ്റ്
- കായം, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ 1 വീതം
- മഞ്ഞള്‍പ്പൊടി, ചുവന്ന മുളകുപൊടി, ഉപ്പ്, ഗരം മസാല, കായം, ജീരകം തുടങ്ങിയ മസാലകള്‍
- 1 ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
- മല്ലി ഇല
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പ്രഷര്‍ കുക്കര്‍ എടുത്ത് അതില്‍ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കണം. അതിന് ശേഷം അതിലേക്ക് അല്‍പം ജീരകം ചേര്‍ക്കണം. ജീരകം നല്ലതുപോലെ പൊട്ടിക്കഴിഞ്ഞ് അതിലേക്ക് അല്‍പം കായം ചേര്‍ക്കണം. കായം നല്ലതുപോലെ ചൂടാക്കിയ ശേഷം അതിലേക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലം എന്നിവ ചേര്‍ത്ത് ഒന്നോ രണ്ടോ മിനിറ്റ് വഴറ്റുക. പിന്നീട് ഇത് നല്ലതുപോലെ വഴറ്റിയതിന് ശേഷം നമ്മള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുറിച്ച് വെച്ചിരിക്കുന്ന ഉള്ളി എന്നിവ ചേര്‍ക്കുക. ഇത് ബ്രൗണ്‍ നിറമാവുന്നത് വരെ നല്ലതുപോലെ ളഇക്കണം.
ശേഷം ഇതിലേക്ക് നാം മുറിച്ച് മാറ്റി വെച്ചിരിക്കുന്ന തക്കാളി ചേര്‍ക്കണം. പിന്നീട് എണ്ണ തെളിയുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം. തക്കാളി നല്ലതുപോലെ ചേര്‍ത്ത് ഉടച്ച് കഴിഞ്ഞാലല്‍ മസാലകള്‍ എല്ലാം ചേര്‍ത്ത് നല്ലതുപോലെ ചെറിയ തീയില്‍ വേവിച്ചെടുക്കുക. മസാലയുടെ പച്ച മണം മാറി നല്ലതുപോലെ ചേര്‍ന്ന് കഴിഞ്ഞാല്‍ അതിലേക്ക് അരിയും ചെറുപയര്‍ പരിപ്പും ചേര്‍ക്കണം. ശേഷം മൂന്നര കപ്പ് വെള്ളവും കൂടി ചേര്‍ക്കാം. മൂടി വെച്ച് അഞ്ചോ ആറോ വിസില്‍ വരുന്നത് വരെ വെക്കണം. ശേഷം പ്രഷര്‍ പോയി കഴിഞ്ഞ് തുറന്ന് നോക്കാം. അവസാനം മല്ലിയില ചേര്‍ക്കണം. ഇളം ചൂടില്‍ തന്നെ നെയ്യോ അച്ചാറോ തൈരോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.