എരിവുള്ള കറികള്‍ക്കൊപ്പം അല്‍പം മധുരം നുണഞ്ഞാല്‍ അതൊരു പ്രത്യേക ടേസ്റ്റാണല്ലേ? ഒരു മധുരപ്പച്ചടി തയ്യാറാക്കാം ഇതിന്റെ തനതായ രുചിയും പഴമയും ചോര്‍ന്ന് പോവാതെ തയ്യാറാക്കുന്ന പച്ചടി ആരോഗ്യത്തിനും നല്ലതാണ്. നല്ല മികച്ച ദഹനവും നടക്കുന്നു. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- പൈനാപ്പിള്‍ 1 കപ്പ് ചെറുതായി അരിഞ്ഞത്
- ഏത്തപ്പഴം: 1 കപ്പ് (ചെറുതായി അരിഞ്ഞത്)
- കറുത്ത മുന്തിരി : 8-10
- മഞ്ഞള്‍ പൊടി : 1 ടീസ്പൂണ്‍
- ചുവന്ന മുളക് പൊടി : ഒരു നുള്ള്
- തൈര് : 2 ടീസ്പൂണ്‍
- പഞ്ചസാര : 1 ടീസ്പൂണ്‍
- തേങ്ങ ചിരകിയത് : 1/2 കപ്പ്
- പച്ചമുളക് : 2
- കടുക്: ഒരു നുള്ള്
- വെളിച്ചെണ്ണ : 3 ടീസ്പൂണ്‍
- കടുക്: 1 ടീസ്പൂണ്‍
- ചുവന്ന മുളക് : 4-5
- കറിവേപ്പില : വറുത്തിടാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
ഈ വിഭവം തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം നോണ്‍സ്റ്റിക് പാനില്‍ പെനാപ്പിള്‍ മഞ്ഞള്‍പ്പൊടി, ചുവന്ന മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് 3 ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് വേവിക്കുക, പകുതി വേവാകുമ്പോള്‍ അരിഞ്ഞ ഏത്തപ്പഴം, മുന്തിരി എന്നിവ ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം ഇവ രണ്ടും അടച്ച് വെച്ച് നല്ലതുപോലെ വേവിക്കുക. പിന്നീട് നല്ലതുപോലെ സോഫ്റ്റ് ആയതിന് ശേഷം വെള്ളം മുഴുവന്‍ വറ്റിക്കഴിഞ്ഞ് മുകൡ പറഞ്ഞ ചേരുവകള്‍ ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തില്‍ ആവുമ്പോള്‍ ഇതിലേക്ക് തേങ്ങ പച്ചമുളക്, കടുക് എന്നിവ അരച്ച് ചേര്‍ക്കുക.
ഇത് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തൈര് ചേര്‍ത്ത് ഉപ്പും പഞ്ചസാരയും ഇട്ട് നല്ലതുപോലെ ഇളക്കുക. ഒരു ചെറിയ പാന്‍ എടുത്ത് വെളിച്ചെണ്ണ ചൂടാക്കി. അതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ശേഷം ചുവന്ന മുളക് കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കിഇത് പച്ചടിയിലേക്ക് ചേര്‍ക്കുക. ഇത് കഴിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും തയ്യാറാക്കാന്‍ ശ്രമിക്കണം. എന്നാല്‍ മാത്രമേ പഴങ്ങളിലെ സത്ത് നല്ലതുപോലെ ഇതിലേക്ക് ആഗിരണം ചെയ്യപ്പെടുകയുള്ളൂ.