Kerala

ചൂടുപാല്‍ നല്‍കി, അങ്കണവാടിയില്‍ സംസാരശേഷിയില്ലാത്ത നാല് വയസ്സുകാരന് പൊള്ളലേറ്റു

ആയയുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം, സംഭവത്തില്‍ പിണറായി പോലീസും ചൈല്‍ഡ് ലൈനും അന്വേഷണം തുടങ്ങി.

പിണറായി: അങ്കണവാടിയില്‍നിന്ന് നല്‍കിയ ചൂടുപാല്‍ കുടിച്ച് നാലുവയസ്സുകാരന് സാരമായി പൊള്ളലേറ്റു. പിണറായി കോളാട് അങ്കണവാടി വിദ്യാര്‍ഥി ബിസ്മില്ലയില്‍ മുഹമ്മദ് ഷിയാനാണ് പൊള്ളലേറ്റത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ഷിയാന്‍. കെ. ഷാനജിന്റെയും സി.കെ. ജസാനയുടെയും മകനാണ്. കീഴ്ത്താടിയിലും ചുണ്ടിലും വായ്ക്കുള്ളിലും പൊള്ളലുണ്ട്.

രാവിലെ 10-ന് കുട്ടിയെ അങ്കണവാടിയില്‍ വിട്ടശേഷം വീട്ടില്‍ തിരിച്ചെത്തി കുറച്ചുസമയം കഴിയുമ്പോഴേക്കും കുട്ടിയുടെ മാതാവിനെ അധ്യാപിക അപകടവിവരം വിളിച്ചറിയിക്കുകയായിരുന്നു. ആദ്യം പിണറായി സാമൂഹികാരോഗ്യകേന്ദ്രത്തിലും തലശ്ശേരി ഗവ. ആശുപത്രിയിലും ചികിത്സതേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആയയുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പിണറായി പോലീസും ചൈല്‍ഡ് ലൈനും അന്വേഷണം തുടങ്ങി.