Food

ഇന്നല്പം വ്യത്യസ്തമായി ഉച്ചയൂണിന് ഉരുളക്കിഴങ്ങ് തീയ്യല്‍ തയ്യാറാക്കാം

ഉച്ചയൂണിന് എന്തെങ്കിലും സ്‌പെഷ്യല്‍ വേണമെന്ന് ആഗ്രഹിക്കാത്ത വീട്ടമ്മമാര്‍ ചുരുക്കമായിരിക്കും. ദിവസവും ഊണിന് ഏറ്റവും രസിച്ച് കഴിയ്ക്കാവുന്ന ഒരു കറിയാണ് തീയ്യല്‍. എന്നാല്‍ ഇന്ന് അല്‍പം വ്യത്യസ്ത തരത്തിലുള്ള ഉരുളക്കിഴങ്ങ് തീയ്യല്‍ ഉണ്ടാക്കി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഉരുളക്കിഴങ്ങ്- 3 എണ്ണം
  • തേങ്ങ ചിരവിയത്- 1
  • മുരിങ്ങക്കായ്- 1
  • സവാള-1
  • ചുവന്നുള്ളി-3
  • പച്ചമുളക്-3
  • കറിവേപ്പില- 2 തണ്ട്
  • കാശ്മീര് മുളക് പൊടി-1 ടീസ്പൂണ്‍
  • മല്ലിപ്പൊടി- 1 ടീസ്പൂണ്‍
  • പെരുംജീരകം- 1 നുള്ള്
  • മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
  • വാളന്‍പുളി- നെല്ലിക്കാ വലിപ്പത്തില്‍
  • വെളിച്ചെണ്ണ-ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിരകി വെച്ചിരിയ്ക്കുന്ന തേങ്ങ വറുത്തെടുക്കാം. തേങ്ങ ബ്രൗണ്‍ നിറമായി വരുമ്പോള്‍ ഇതിലേക്ക് മല്ലിപ്പൊടി, മുളക് പൊടി, പെരുംജീരകം എന്നിവയും ചേര്‍ത്ത് ഇളക്കാം. പൊടി മൂത്ത് കഴിയുമ്പോള്‍ തീ കുറയ്ക്കാം. ശേഷം പുളി വെള്ളത്തിലിട്ട് 20 മിനിട്ട് കഴിയുമ്പോള്‍ പിഴിഞ്ഞെടുക്കാം.

പിന്നീട് തേങ്ങ നല്ലതു പോലെ അരച്ചെടുക്കാം. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം. ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റിയെടുക്കാം. ഇതിലേക്ക് അല്‍പസമയത്തിനു ശേഷം മുരിങ്ങാക്കായും ഉരുളക്കിഴങ്ങും ചേര്‍ത്ത് വഴറ്റിയെടുക്കാം.

പിന്നീട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കാം. പിഴിഞ്ഞ് വെച്ചിരിയ്ക്കുന്ന പുളിയും കൂടി ചേര്‍ത്ത ശേഷം അരച്ചു വെച്ച തേങ്ങ ഇതിലേക്ക് ചേര്‍ക്കാം. പിന്നീട് കിഴങ്ങ് നന്നായി വെന്ത് കഴിഞ്ഞാല്‍ കറി കുറുകിയ ശേഷം വാങ്ങി വെയ്ക്കാവുന്നതാണ്. ശേഷം കടുക് താളിയ്ക്കാം.