കൊച്ചി : കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം ഉണ്ടായത്. ആലുവ മുട്ടം തൈക്കാവ് റെയില്‍വേ ലെയ്‌നിന് സമീപം പുത്തന്‍ചിറ വീട്ടില്‍ പീറ്ററിന്റെ മകന്‍ റോബിന്‍ (29), കുന്നത്തേരി തൈക്കാവിന് സമീപം കിടങ്ങേത്ത് വീട്ടില്‍ സിറാജിന്റെ മകന്‍ മുഹമ്മദ് സജാദ് (22) എന്നിവരാണ് മരിച്ചത്. ജനങ്ങള്‍ക്ക് അപകടം ഉണ്ടാകുന്ന തരത്തില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിന് സ്‌കാനിയ ബസ് ഡ്രൈവര്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു.
എളംകുളത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ ഇരുവരും ചക്കരപ്പറമ്പില്‍ ഒരേ ദിശയിലേക്ക് പോവുകയായിരുന്ന രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടാണ് മരിച്ചത്. രാവിലെ ജോലിക്കായി ഒരു ബൈക്കില്‍ വൈറ്റില ഭാഗത്തേക്ക് പോകുമ്പോള്‍ ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി വേണാട് ബസ് യാത്രക്കാരെ കയറ്റാന്‍ ചക്കരപ്പറമ്പ് സ്റ്റോപ്പില്‍ നിര്‍ത്തി. ബസിന്റെ പിന്നില്‍ വന്ന യുവാക്കള്‍ ബൈക്ക് നിര്‍ത്തി.
ബൈക്ക് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. വേണാടിനും സ്‌കാനിയ ബസിനും ഇടയില്‍പ്പെട്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. സ്‌കാനിയ ബസിന്റെ മുന്‍വശത്ത് കുടുങ്ങിയ യുവാക്കളുടെ മൃതശരീരം അഗ്‌നിരക്ഷാസേനയെത്തി മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കെഎസ്ആര്‍ടിസി വേണാട് ബസിന്റെ പിന്‍വശവും തകര്‍ന്നു. രണ്ട് ബസിലുമുള്ള പരിക്കേറ്റ യാത്രക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
സൗദയാണ് മരിച്ച മുഹമ്മദ് സജാദിന്റെ അമ്മ. സഹോദരി: ഷെറീന. സഹോദരി ഭര്‍ത്താവ്: അബുതാഹിര്‍. സംസ്‌കാരം നടത്തി. ഏലിക്കുട്ടിയാണ് മരിച്ച റോബിന്റെ അമ്മ. ഭാര്യ: ഷൈബി. മക്കള്‍: ആദം ജോണ്‍, നദാന്‍. സഹോദരന്‍: സിബിന്‍ പീറ്റര്‍. സംസ്‌കാരം ഇന്ന് 1.30ന് കളമശ്ശേരി പത്താം പീയൂസ് പള്ളി സെമിത്തേരിയില്‍.