Food

ചില ഭക്ഷണം പഴകുമ്പോള്‍ രുചി കൂടുന്നതായി തോന്നുന്നുണ്ടോ? എന്തുകൊണ്ടാണെന്ന് അറിയാമോ?

തലേന്നത്തെ കറികൾക്ക് നല്ല രുചിയാണെന്ന് പറയുന്നവരില്ലേ, എന്താണിങ്ങനെ ഭക്ഷണം പഴകിയതിന് ഏറെ രുചി തോന്നുന്നതിന് പിന്നിലെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

തലേന്നത്തെ മീൻ കറിയും പഴങ്ക‌ഞ്ഞിയും തൈരുമെല്ലാം കഴിക്കുന്നതിനെ കുറിച്ച് ഗൃഹാതുരമായി സംസാരിക്കുന്നവരെ കണ്ടിട്ടില്ലേ? പക്ഷേ ചിലര്‍ക്ക് ഭക്ഷണം പഴകിയത് കഴിക്കാൻ വലിയ പ്രയാസമായിരിക്കും. പക്ഷേ മറ്റ് ചിലര്‍ക്ക് ഇപ്പറഞ്ഞതുപോലെ ഒന്ന് പഴകിയ ഭക്ഷണം കഴിക്കുന്നത് വലിയ ഇഷ്ടവും. സത്യത്തില്‍ ഇങ്ങനെ പഴയ ഭക്ഷണം കഴിക്കുന്നതില്‍ രുചി തോന്നാൻ ചില കാരണങ്ങളുണ്ട്.

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്

ഭക്ഷണം പഴകുമ്പോള്‍ സത്യത്തില്‍ ഇതിന്‍റെ രുചി നഷ്ടപ്പെടുകയും അരുചി കയറുകയുമാണ് ചെയ്യുക. ചില വിഭവങ്ങള്‍ മാത്രമാണ് ഇതില്‍ നിന്ന് നമുക്കൊഴിവാക്കാൻ ആവുക. മറ്റ് എല്ലാം തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്. ഇതുതന്നെയാണ് മിക്കവരും ചെയ്യുന്നതും. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണങ്ങളാകട്ടെ പുറത്തെടുത്ത്- അല്‍പസമയം വച്ച ശേഷം ചൂടാക്കി കഴിക്കുമ്പോള്‍ അതേ രുചി കിട്ടാം.

ബാക്കിയാകുന്ന ഭക്ഷണത്തോട്

പഴയ ഭക്ഷണത്തിന് രുചി തോന്നുന്നതിന് പിന്നില്‍മനശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. അതായത് ഭക്ഷണം ബാക്കിയാകുന്നത്- മിക്കപ്പോഴും അളവില്‍ കുറവായിരിക്കും. ഇങ്ങനെ വരുമ്പോള്‍ ഭക്ഷണം രുചിയായി തോന്നുന്നത് മനശാസ്ത്രപരമാണ്. ഇതും ധാരാളം സന്ദര്‍ഭങ്ങളില്‍ പ്രാവര്‍ത്തികമാകുന്ന മനശാസ്ത്രം തന്നെ.

കെമിക്കല്‍ റിയാക്ഷൻ

ചില വിഭവങ്ങളില്‍ പഴകുമ്പോള്‍ നടക്കുന്ന കെമിക്കല്‍ റിയാക്ഷൻസ് ആ വിഭവങ്ങള്‍ക്ക് രുചിയും ഗന്ധവുമെല്ലാം കൂടുതലായി നല്‍കും. എന്നാല്‍ എല്ലാ വിഭവങ്ങളും അങ്ങനെയല്ല. മീൻകറി പോലുള്ള വിഭവങ്ങള്‍ ഇതിന് പേര് കേട്ടിട്ടുള്ളതാണ്.

കറി കട്ടിയാകുന്നത്

പഴകുമ്പോള്‍ പല കറികളും മറ്റും കട്ടിയാകും. ഇതും രുചി കൂട്ടാൻ കാരണമാകും. എല്ലാ വിഭവങ്ങളിലുമല്ല, ചില വിഭവങ്ങളില്‍ തന്നെയാണ് ഈ മാറ്റവും സംഭവിക്കുക.

രുചിയിലോ ഗന്ധത്തിലോ വ്യത്യാസം

പഴയ ഭക്ഷണത്തില്‍ രുചിയിലോ ഗന്ധത്തിലോ ചെറിയ വ്യത്യാസം പോലും കണ്ടാല്‍ അത് കഴിക്കാതെ ഉപേക്ഷിക്കുന്നതാണ് നല്ലത്. പുളിപ്പിച്ചും സൂക്ഷിച്ച് വച്ച് കുറുക്കിയും കഴിക്കുന്ന വിഭവങ്ങളിലധികമുള്ള വിഭവങ്ങളെല്ലാം തന്നെ ഫ്രിഡ്ജില്‍ വച്ചാലും നിശ്ചിത കാലയളവിലേക്കേ ഉപയോഗിക്കാവൂ. അതല്ലെങ്കില്‍ ഭക്ഷ്യവിഷബാധ വരാൻ സാധ്യതകളേറെയാണ്. ഇക്കാര്യം ഏവരും പ്രത്യേകം ശ്രദ്ധിക്കുക.