പുറത്തിറങ്ങാൻ വയ്യാത്ത തരത്തിൽ ചൂടാണ്. എന്നാൽ എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ കഴിയുമോ? പല ആവിശ്യങ്ങൾക്കു വേണ്ടി പുറത്തിറങ്ങേണ്ടതായി വരും. അപ്പോൾ പ്രധാനമായിട്ടു ശ്രദ്ധിക്കേണ്ടത് ചർമ്മത്തിന്റെ ആരോഗ്യമാണ്.
എന്തൊക്കെ ശ്രദ്ധിക്കാം?
കരുവാളിപ്പകറ്റാൻ
വെയിൽകൊണ്ടു ചർമ്മം കരുവാളിച്ചുപോകാതിരിക്കാൻ ഏറ്റവും നല്ല മാർഗം സൺസ്ക്രീൻ (സൺബ്ലോക്കുകൾ ) ഉപയോഗിക്കുകയാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളാണ് ചർമത്തിന് ദോഷം ചെയ്യുന്നത്. സൺസ്ക്രീനിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഈ അൾട്രാവയലറ്റ് രശ്മികളെ ആഗീരണം ചെയ്ത് ചർമത്തെ സംരക്ഷിക്കുന്നു.
എ,ബി,സി എന്നിങ്ങനെ മൂന്നുതരം അൾട്രാവയലറ്റ് രശ്മികളുണ്ട്. ഇതിൽ ബിയെ തടയുന്ന സൺസ്ക്രീനിനാണ് സാധാരണലഭ്യമായിട്ടുള്ളത്. സൺസ്ക്രീനിലടങ്ങിയിരിക്കുന്ന ഓക്സിബൻസീനാണ് സൂര്യരശ്മികളെ ആഗീരണം ചെയ്യുന്നത്. ഇതു മാത്രം അടങ്ങിയ സൺസ്ക്രീൻ ഉപയോഗിക്കുന്നവരുടെ മുഖത്ത് വെളുത്തപാടുകൾ കാണാറുണ്ട്. ചിലവയിൽ സിങ്ക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. മേൽ പറഞ്ഞ രണ്ടും അടങ്ങിയ സൺസ്ക്രീനുകളാണ് നല്ലത്. ഇവ ഉപയോഗിച്ചാൽ വെളുത്ത പാടുകൾ വരാറില്ല.
സൺപ്രൊട്ടക്ഷൻ ഫാക്ടർ (എസ് പി എഫ്) ആണ് സൺസ്ക്രീനിന്റെ ഗുണനിലവാരമറിയാനുള്ള മാനദണ്ഡം. ഉയർന്ന എസ്.പി എഫ് ആണ് നല്ലത്. എസ് പി എഫ് 50 ഒക്കെയുള്ള സൺസ്ക്രീനുകൾ ഏറെ നല്ലതാണ്.
സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ
- വാങ്ങുമ്പോൾ എസ് പി എഫ് മിനിമം 15 എങ്കിലും ഉള്ള സൺസ്ക്രീൻ വാങ്ങണം.
- സൂര്യപ്രകാശത്തിലിറങ്ങുന്നതിനു അരമണിക്കൂർ മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടണം. രണ്ടു മണിക്കൂർ കഴിഞ്ഞ് ഒന്നു കൂടി ഇടാം.
- ഏതാണ്ട് കാൽ ടീസ്പൂൺ മുതൽ ഒന്നര ടീസ്പൂൺ വരെ അളവ് സൺസ്ക്രീനിൽ പുരട്ടിയാൽ മതി.
- വല്ലാതെ വിയർത്താൽ ഒരു പ്രാവശ്യം കൂടി സൺസ്ക്രീൻ പുരട്ടാം.
- ഒരുപാട് വെയിൽ കൊള്ളുന്നവർ ഇടയ്ക്കിടയ്ക്ക് സൺസ്ക്രീൻ പുരട്ടണം.
- മുഖത്ത് മാത്രമല്ല, കൈ,കഴുത്ത്, കാലുകൾ തുടങ്ങി വെയിലേൽക്കാവുന്ന സ്ഥലങ്ങളിലെല്ലാം സൺസ്ക്രീൻ പുരട്ടാം.
സൺസ്ക്രീൻ പുരട്ടിയിട്ടുണ്ടെന്നു കരുതി വെയിലു കൊള്ളേണ്ട. അധികഫലത്തിനായി വെയിലത്തിറങ്ങുമ്പോൾ കുട ചൂടാം. രാവിലെ പത്തു മുതൽ വൈകിട്ട് രണ്ടു വരെയുള്ള സമയത്ത് വെയിൽ കൊള്ളാതെ സൂക്ഷിക്കണം.
നിറം വയ്ക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി ചില സൺസ്ക്രീനുകൾ മാർക്കറ്റിലുണ്ട്. അവയിലൊക്കെ വെളുക്കാൻ സഹായിക്കുന്ന രാസപദാർത്ഥങ്ങൾ ചേർത്തിട്ടുണ്ടാവാം. പക്ഷേ, ഇത്തരം രാസപദാർത്ഥങ്ങളിൽ ചിലത് സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിച്ച് നിറം ഇരുളാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഫെയർനെസ് ക്രീമുകളൊക്കെ രത്രി തന്നെ ഉപയോഗിക്കുകയാണ് ഉത്തമം.
അലർജി അറിയാം
സ്പ്രേ, ജെൽ, ക്രീം, ലോഷൻ രൂപത്തിലെല്ലാം സൺസ്ക്രീനുകൾ ലഭ്യമാണ്. എണ്ണമയമുള്ള ചർമമുള്ളവർക്ക് സപ്രേയാണ് നല്ലത്. വരണ്ട ചർമക്കാരിൽ ക്രീമോ ജെല്ലോ ഉപയോഗിക്കാം. സൺസ്ക്രീൻ അലർജി മൂലം മുഖക്കുരു,ചർമത്തിൽ ചുവന്ന തടിപ്പ് എന്നിവ വരാറുണ്ട്. സൺസ്ക്രീൻ ഉപയോഗിക്കും മുമ്പ് പുറംകൈയിൽ അൽപം പുരട്ടി ഒരു ദിവസം വച്ച് അലർജിയുണ്ടോ എന്നു നോക്കാവുന്നതാണ്.